ലോക ഫുട്ബോള്‍ പ്രേമികള്‍ക്ക് നിരാശ നല്കി കൊണ്ട് യുവന്റസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കൊറോണാ ഫലം വീണ്ടും പോസ്റ്റീവ്. ഇതോടെ 28ന് ചാംപ്യന്‍സ് ലീഗില്‍ നടക്കുന്ന ബാഴ്സലോണ-യുവന്റസ് പോരാട്ടത്തില്‍ റൊണാള്‍ഡോ കളിക്കില്ല. ഇന്ന് നെഗറ്റീവ് ആയാല്‍ മാത്രമായിരുന്നു താരത്തിന് 28ലെ മല്‍സരത്തില്‍ കളിക്കാന്‍ കഴിയുക. ടെസ്റ്റ് നെഗറ്റീവ് ആയതിന് ശേഷം ഏഴ് ദിവസം കഴിഞ്ഞിട്ട് മാത്രമേ താരത്തിന് മല്‍സരത്തിന് ഇറങ്ങാന്‍ കഴിയുകയൂള്ളൂ. അടുത്ത ടെസ്റ്റ് നെഗറ്റീവ് ആയാലും താരത്തിന് കളിക്കാന്‍ കഴിയില്ല. രണ്ട് ദിവസത്തിന് ശേഷം മാത്രമായിരിക്കും അടുത്ത ടെസ്റ്റ് നടത്തുക. ശേഷം ഏഴ് ദിവസം താരം നിരീക്ഷണത്തില്‍ കഴിയണം.
അല്ലാത്ത പക്ഷം താരം കളിച്ചാല്‍ അത് കൊവിഡ് പ്രോട്ടോകോള്‍ ലംഘനമാകും.
റൊണാള്‍ഡോയ്ക്ക് യാതൊരു രോഗലക്ഷണവുമില്ലെന്ന് യുവന്റസ് അറിയിച്ചു. റൊണാള്‍ഡോ റയല്‍ മാഡ്രിഡ് വിട്ടതിന് ശേഷം ആദ്യമായാണ് മെസ്സി-റോണാ പോരിന് ഇത്തവണത്തെ ചാംപ്യന്‍സ് ലീഗ് വേദിയായത്. കഴിഞ്ഞ ആഴ്ചയാണ് പോര്‍ച്ചുഗല്‍ താരത്തിന് രോഗം സ്ഥിരീകരിച്ചത്. ഇറ്റാലിയന്‍ സീരി എയിലെ രണ്ട് മല്‍സരവും നേഷന്‍സ് ലീഗിലെ ഒരു മല്‍സരവും റൊണാള്‍ഡോയ്ക്ക് നഷ്ടമായിരുന്നു. അടുത്ത ആഴ്ച നടക്കുന്ന നേഷന്‍സ് ലീഗിലെ രണ്ടാമത്തെ മല്‍സരവും താരത്തിന് നഷ്ടമാവും.