പരിസ്ഥിതി സ്നേഹത്തിന്റെ വേറിട്ട മാതൃകയുമായി വ്യാപാരി. ഉപയോഗ ശേഷം തിരികെയെത്തിക്കുന്ന പ്ലാസ്റ്റിക് കവറുകൾ പണം നൽകി തിരികെ വാങ്ങുകയാണ് തട്ടേക്കാട് സ്വദേശി സുധീഷ്. സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യതയാണ് സുധീഷിന്റെ ആശയത്തിന് ലഭിച്ചത്.
‘ഇവിടുന്ന് വാങ്ങിയ പ്ലാസ്റ്റിക് കിറ്റ് ഉപയോഗ ശേഷം തിരികെ തന്നാൽ രണ്ട് രൂപ നൽകുന്നതാണ്, ഈ നാട് മലിനമാകാതെ കാക്കാം’. കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ കയ്യടി നേടിയ വാചകമാണിത്. തട്ടേക്കാട് പക്ഷി സങ്കേതത്തിന് സമീപം പഴ കച്ചവടം നടത്തുന്ന സുധീഷിന്റെ കടയ്ക്ക് ഇത്തരമൊരു മുന്നിലാണ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ ഭക്ഷിച്ച് മൃഗങ്ങൾ ചത്തൊടുങ്ങുന്ന കാഴ്ചകളാണ് ടൂറിസ്റ്റ് ഗൈഡ് കൂടിയായ സുധീഷിനെ ഇത്തരത്തിലൊരുതീരുമാനത്തിലെത്താൻ പ്രേരിപ്പിച്ചത്.
കൊവിഡ് മൂലം സഞ്ചാരികളുടെ വരവ് നിലച്ചതോടെയാണ് സുധീഷ് കച്ചവടത്തിലേക്ക് തിരിഞ്ഞത്. കിറ്റുകൾ തിരികെ നൽകണമെന്ന് ബോർഡ് സ്ഥാപിച്ചെങ്കിലും ആദ്യം പ്രതികരണമൊന്നും ഉണ്ടായില്ല. പിന്നെയാണ് ഒരു കിറ്റിന് രണ്ട് രൂപ നൽകാൻ തീരുമാനിച്ചത്. സമൂഹ മാധ്യമങ്ങളിൽ തരംഗമായതോടെ മികച്ച പ്രതികരണമാണിപ്പോൾ ലഭിക്കുന്നത്