ജോസ് കെ മാണിയുടെ എൽഡിഎഫ് പ്രവേശനം ചർച്ച ചെയ്യാൻ സിപിഐ സംസ്ഥാന നിർവ്വാഹക സമിതി യോഗം നാളെ ചേരും. ജോസ് വിഭാഗത്തെ ഇടതുമുന്നണിയിലെടുക്കുന്നതിനെ അനുകൂലിക്കുമ്പോഴും ബാക്കിനിൽക്കുന്ന ആശങ്കകൾ യോഗത്തിൽ ഉയർന്നുവരും. മറ്റന്നാൾ ചേരുന്ന എൽഡിഎഫ് യോഗത്തിൽ അറിയിക്കാനുള്ള നിലപാട് നിർവാഹകസമിതി കൈക്കൊള്ളും.
കെ.എം.മാണിയെ മുന്നണിയിലെടുക്കുന്നതിനെ പല്ലുംനഖവും ഉപയോഗിച്ച് എതിർക്കുകയും വിജയിക്കുകയും ചെയ്ത സിപിഐക്ക് ജോസ്.കെ.മാണിയോട് കടുത്ത നിലപാടില്ല. ജോസ് വിഭാഗം എത്തുന്നത് മുന്നണിക്ക് ഗുണം ചെയ്യുമെന്ന വിലയിരുത്തലാണ് പാർട്ടിക്ക്. ഇക്കാര്യം സി.പി.ഐ.എമ്മുമായി നടന്ന ഉഭയകക്ഷി ചർച്ചയിൽ കാനം പങ്കുവെക്കുകകയും ചെയ്തു. എന്നാൽ, നിർവാഹകസമിതിയിൽ ചില എതിർപ്പുകൾ ഉയരുമെന്ന കാര്യം ഉറപ്പാണ്. ജോസ് വിഭാഗത്തിന്റെ ജനകീയ അടിത്തറ എത്രത്തോളം വിപുലമാണെന്നതിൽ സംശയം ഉയർന്നേക്കും. മുന്നണി പ്രവേശനത്തിൽ സിപിഐഎം അമിതാവേശം കാണിക്കുന്നുണ്ടോ എന്ന ചോദ്യവും ഉന്നയിക്കപ്പെടും. വന്നയുടൻ ഘടകകക്ഷിയാക്കാനുള്ള നീക്കത്തോട് പാർട്ടിയിൽ ഒരുവിഭാഗത്തിന് എതിർപ്പുണ്ട്. തദ്ദേശതിരഞ്ഞെടുപ്പുവരെ മുന്നണിയുമായി സഹകരിപ്പിച്ച ശേഷം ഘടകകക്ഷിയാക്കിയാൽ മതിയെന്ന നിലപാട് സ്വീകരിക്കണമെന്ന് ആവശ്യമുയർന്നേക്കും. ഇക്കാര്യത്തിൽ സി.പി.ഐ.എം എന്തു പറയുമെന്നതും പ്രധാനമാണ്.
സീറ്റുചർച്ചകളുടെ ഘട്ടമെത്തിയാൽ കാഞ്ഞിരപ്പള്ളി വിട്ടുകൊടുക്കാതിരിക്കാനുള്ള സമ്മർദവും നിർവാഹകസമിതിയിൽ ഉയരും. പുതിയ ഘടകകക്ഷി വരുമ്പോൾ നഷ്ടം സിപിഐഎം സഹിക്കട്ടേയെന്ന നിലപാടിന് പാർട്ടിയിൽ പിന്തുണുണ്ട്. നിർവാഹകസമിതിയിൽ രൂപീകരിക്കുന്ന അഭിപ്രായം മറ്റന്നാൾ എൽഡിഎഫ് യോഗത്തിൽ സിപിഐ നേതൃത്വം അറിയിക്കും. സ്വർണക്കടത്ത് അടക്കമുള്ള സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളും യോഗം ചർച്ച ചെയ്യും. മുഖ്യമന്ത്രിക്കും വകുപ്പുസെക്രട്ടറിമാർക്കും കൂടുതൽ അധികാരം നൽകുംവിധം ഭരണനടപടിക്രമങ്ങളിൽ മാറ്റം വരുത്താനുള്ള നീക്കത്തിനെതിരെയും നിർവാഹകസമിതിയിൽ പ്രതികരണമുണ്ടാകും.