കോൺഗ്രസ് നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ കമൽനാഥിന്റെ വിവാദ പ്രസ്താവനയിൽ റിപ്പോർട്ട് തേടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. ഉപതെരഞ്ഞെടുപ്പ് റാലിയിൽ ബി.ജെ.പി നേതാവ് ഇമാർതി ദേവിക്കെതിരെ നടത്തിയ വിവാദ പരാമർശത്തിലാണ് മധ്യപ്രദേശ് മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനിൽ നിന്ന് റിപ്പോർട്ട് തേടിയത്.
മുൻ വനിതാ മന്ത്രി കൂടിയായ ഇമാർതി ദേവിക്കെതിരെ നടത്തിയ പരാമർശം ചൂണ്ടിക്കാട്ടി ദേശീയ വനിതാ കമ്മീഷൻ ചീഫ് ഇലക്ഷൻ കമ്മീഷണർക്ക് കത്തെഴുതിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദമായ റിപ്പോർട്ട് തേടിയത്.
കോൺഗ്രസ് സ്ഥാനാർത്ഥി സുരേഷ് രാജിന് വേണ്ടി ദാബ്രയിൽ നടന്ന പ്രചാരണ റാലിയിലാണ് കമൽനാഥിന്റെ വിവാദ പരാമർശം. ഇമാർതി ദേവിയാണ് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി. വിവാദ പരാമർശത്തിന് പിന്നാലെ ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു.