കോൺഗ്രസിനെതിരായ പരാമർശത്തിൽ മാപ്പ് പറഞ്ഞ് ബിജെപി നേതാവ് ഖുശ്ബു. മാനസിക വളർച്ചയില്ലാത്ത പാർട്ടിയാണ് കോൺഗ്രസ് എന്ന പ്രസ്താവനയിലാണ് ഖുശ്ബു മാപ്പ് പറഞ്ഞത്.
കോൺഗ്രസിൽ നിന്ന് പുറത്തുപോയതിന് പിന്നാലെയായിരുന്നു ഖുശ്ബുവിന്റെ വിവാദ പരാമർശം. വാക്കുകൾ തെറ്റായി ഉപയോഗിച്ചതിനാണ് ഖുശ്ബു മാപ്പ് പറഞ്ഞിരിക്കുന്നത്. ഇത്തരത്തിലുള്ള പ്രയോഗം തന്റെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ലാത്തതായിരുന്നെന്ന് അവർ പറഞ്ഞു. ഖുശ്ബുവിന്റെ പ്രസ്താവനയ്ക്കെതിരെ നിരവധി പേർ പരാതിയുമായി പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മാപ്പ് പറഞ്ഞ് ഖുശ്ബു രംഗത്തെത്തിയത്.
ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ഖുശ്ബു കോൺഗ്രസിൽ നിന്ന് രാജിവച്ച് ബിജെപിയിൽ ചേർന്നത്. ബി.ജെ.പി വക്താവ് സംപിത് പത്രയുൾപ്പടെ പങ്കെടുത്ത ചടങ്ങിലായിരുന്നു ഖുശ്ബു പാർട്ടി അംഗത്വം സ്വീകരിച്ചത്. രാജ്യത്തെ ശരിയായ ദിശയിലേക്ക് കൊണ്ടുപോകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലുള്ള ഒരാളെ ആവശ്യമാണെന്നായിരുന്നു ബിജെപി അംഗത്വം സ്വീകരിച്ച ശേഷം ഖുശ്ബു പറഞ്ഞത്.