കൊച്ചി: പ്രമുഖ ടെലികോംകമ്പനിയായ ഐഡിയ-വോഡാഫോണിന്റെ(വിഐ)സേവനം ഇന്നും തടസപ്പെട്ടു.
കോള്‍ വിളിക്കുന്നതിനും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിനും സാധിക്കുന്നില്ലെന്ന് വ്യാപകമായ പരാതി ഉയരുന്നുണ്ട്.
ഇതേതുടര്‍ന്ന് സംസ്ഥാനത്ത് വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുന്നതിന് തടസം നേരിട്ടു. തുടര്‍ച്ചയായ രണ്ടാം ദിവസവും നെറ്റ്വര്‍ക്ക് പണിമുടക്കിയതോടെ വ്യാപാര മേഖലയും ഐടി മേഖലയും അനിശ്ചിതത്വത്തിലായി.
ചൊവ്വാഴ്ച നെറ്റ്വര്‍ക്ക് തകരാറുണ്ടായ സാഹചര്യത്തില്‍ വിഐ ഉപയോക്താക്കളോട് മാപ്പ് ചോദിച്ച് സന്ദേശം അയച്ചിരുന്നു. ഉടന്‍ തന്നെ പ്രശ്നം പരിഹരിക്കുമെന്നും അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഈ പ്രശ്നം ഇതുവരെയും പരിഹരിക്കാന്‍ സാധിച്ചിട്ടില്ല. ഇതേതുടര്‍ന്ന് നവമാധ്യമങ്ങളില്‍ വിഐക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
ചൊവ്വാഴ്ച, കേരളം, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലാണ് വിഐയുടെ സേവനം തടസപ്പെട്ടത്. ഫൈബര്‍ ശൃംഖലയിലുണ്ടായ തകരാറിനെ തുടര്‍ന്നാണ് വിഐയുടെ സേവനം തടസപ്പെട്ടതെന്ന് വിശദീകരണം. ഫൈബറുകള്‍ വിവിധയിടങ്ങളില്‍ വിച്ഛേദിക്കപ്പെട്ടതായി വിഐയുടെ ഔദ്യോഗിക കുറിപ്പ് വിശദമാക്കുന്നു. എങ്ങനെയാണ് തകരാറുണ്ടായതെന്ന് അന്വേഷണം നടത്തുമെന്നും വിഐ വിശദമാക്കി.