സംസ്ഥാനത്തെ ബാറുകള്‍ തുറക്കാന്‍ തീരുമാനമായേക്കും. തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുന്‍പ് തന്നെ ബാറുകള്‍ വീണ്ടും തുറക്കുമെന്നാണ് വിവരം. മുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ബാറുകള്‍ തുറക്കുന്നതിന് എതിര്‍നിലപാട് എടുത്തിരുന്നു. എന്നാല്‍ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് ഫണ്ടിനെ ഉള്‍പ്പെടെ ബാധിക്കും എന്നതിനാല്‍ മുഖ്യമന്ത്രിക്ക് മേലും കടുത്ത സമ്മര്‍ദമുണ്ടെന്നാണ് സൂചന.
കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരിക്കും ബാറുകള്‍ തുറക്കുക. നവംബര്‍ അഞ്ചിനാണ് തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങുക. അതിന് മുന്‍പ് നവംബര്‍ രണ്ടിന് ബാറുകള്‍ തുറന്നേക്കുമെന്നാണ് വിവരം. അല്ലെങ്കില്‍ ബാറുകള്‍ ഡിസംബറിലേ തുറക്കാന്‍ സാധിക്കൂ. തങ്ങള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ബാര്‍ ഉടമകളും പറയുന്നു.
ബാറുകള്‍ തുറന്നാലും എക്സൈസ്, പൊലീസ് ഉദ്യോഗസ്ഥരുടെ പരിശോധനയുണ്ടായേക്കും. ഭക്ഷണം പങ്കുവയ്ക്കാന്‍ അനുവദിക്കില്ല, കൂടാതെ ഒരു മേശയില്‍ രണ്ട് പേരെ ഇരുത്താന്‍ അനുവദിക്കൂ എന്നീ നിയന്ത്രണങ്ങളുമുണ്ടാകും.