രാജ്യത്തെ ആദ്യ സർക്കാർ വാട്ടർ ടാക്സിയുടെ ഉദ്ഘാടനം ഇന്ന്. ആലപ്പുഴയിലാണ് ആദ്യ സർക്കാർ വാട്ടർ ടാക്സി സർവ്വീസ് നടത്തുന്നത്. ഇന്ന് രാവിലെ 11.30 ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം നിർവ്വഹിക്കുന്നത്. ഓൺലൈനിലൂടെയാണ് ഉദ്ഘാടനം.
സംസ്ഥാന ജലവകുപ്പിന്റേതാണ് വാട്ടർ ടാക്സി.പൊതുജനങ്ങള്‍ക്കിടയിലും വിനോദ സഞ്ചാര മേഖലയിലും ഏറെ നേട്ടമുണ്ടാക്കുന്നാണ് പദ്ധതി. ജലഗതാഗതത്തിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്നതിനായി ചെലവ് കുറഞ്ഞതും ഏറ്റവും സുരക്ഷിതവും ആധുനിക സൗകര്യങ്ങളോടും കൂടിയുള്ളതാൺ വാട്ടര്‍ ടാക്സി സർവ്വീസ്.
പാണാവള്ളിയിലെ സ്വകാര്യ യാർഡിൽ നിർമ്മാണം പൂർത്തിയാക്കി കഴിഞ്ഞ ദിവസം വാട്ടർ ടാക്സി നീറ്റിലിറക്കിയിരുന്നു. നാല് വാട്ടർ ടാക്സികളാണ് ജലാഗതാഗത വകുപ്പ് സംസ്ഥാനത്ത് നിർമ്മിക്കുന്നത്. ഒരു വാട്ടർ ടാക്സി നിർമ്മിക്കുന്നതിന് 50 ലക്ഷം രൂപയാണ് ചെലവ്.പൂർണ സുരക്ഷാ സംവിധാനത്തോടെ ഇറങ്ങുന്ന വാട്ടർ ടാക്സി ബോട്ടുകളിൽ 10 പേർക്ക് യാത്ര ചെയ്യാം. സ്വീഡനിൽ നിന്നും എത്തിച്ചിരിക്കുന്ന പ്രത്യേക എഞ്ചിനാണ് വാട്ടർ ടാക്സിയിൽ ഉള്ളത്. മണിക്കൂറിൽ 15 നോട്ടിക്കൽ മൈൽ ആണ് ടാക്സിയുടെ വേഗം.
ജലാശയങ്ങളാല്‍ സമ്പന്നമായ കേരളത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും അനുയോജ്യമായ യാത്രാ മാര്‍ഗങ്ങളില്‍ ഒന്നാണ് ജലഗതാഗതം. കുറഞ്ഞ പാരിസ്ഥിതികാഘാതവും ചെലവും ജല ഗതാഗതത്തെ ഏറെ അഭികാമ്യമാക്കുന്നു. ഈ സാധ്യത മുന്നില്‍ക്കണ്ട് നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ ഇതിനകം നടപ്പാക്കിയിട്ടുണ്ട്. ആ വികസന മുന്നേറ്റത്തിലെ ഏറ്റവും പുതിയ പദ്ധതിയാണ് ജല ഗതാഗത വകുപ്പ് നാളെ ആരംഭിക്കാന്‍ പോകുന്ന വാട്ടര്‍ ടാക്സി സര്‍വീസെന്ന് മുഖ്യമന്ത്രി പറഞ്ഞു.
യാത്രക്കാരെ കയറ്റി അതിവേഗം ലക്ഷ്യ സ്ഥാനത്തെത്തിക്കാൻ വാട്ടർ ടാക്സിയ്ക്ക് കഴിയുമെന്ന് ജലാഗതാഗത വകുപ്പ് ഡയറക്ടർ വ്യക്തമാക്കി. ആലപ്പുഴ ബോട്ട് സ്റ്റേഷനിലാണ് വാട്ടർ ടാക്സി പാർക്ക് ചെയ്യുന്നത്. ആവശ്യപ്പെടുന്നതിനനുസരിച്ചായിരിക്കും സർവ്വീസ് നടത്തുക. പ്രത്യേക നമ്പർ വഴി ബുക്ക് ചെയ്യാൻ കഴിയുന്ന വാട്ടർ ടാക്സിയിൽ മണിക്കൂറിനായിരിക്കും ചാർജ് ഈടാക്കുന്നത്
picture credit :jerink joseph