നൂറു രൂപവരെ എത്തിയ സവാളവില ഇടിയുന്നു. ഇന്നലെ വിപണിയില്‍ എണ്പതു രൂപയായിരുന്നു സവാളയുടെ ചില്ലറ വില. വ്യാപാരികള്‍ക്കിടയില്‍ ഗുള്‍ട്ടി എന്നറിയപ്പെടുന്ന ചെറിയ സവോളയ്ക്ക് ഇന്നലെ 68 രൂപ മുതല്‍ 74 രൂപ വരെയായിരുന്നു ചില്ലറ വില. എന്നാല്‍ ചെറിയ ഉള്ളിക്ക് കാര്യമായി വില കുറഞ്ഞില്ല.ഉള്ളിയുടെ വില ഇപ്പോഴും നൂറിനു മുകളില്‍ത്തന്നെയാണ്.തീരെ ചെറിയ ഉള്ളി നൂറു രൂപയിലും കുറഞ്ഞ വിലയില്‍ മാര്‍ക്കറ്റില്‍ വില്‍പ്പനയ്ക്കുണ്ട്.സവാള ഇറക്കുമതി ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതാണു പെട്ടെന്ന് വില താഴാന്‍ കാരണമെന്നു വ്യാപാരികള്‍ പറയുന്നു. ഇതു മൂലം സ്റ്റോക്കു ചെയ്തിരുന്നവര്‍ വില താഴുമെന്നു ഭയന്ന് വിപണിയിലേക്കു ചരക്ക് ഇറക്കിത്തുടങ്ങി. കഴിഞ്ഞ ദിവസങ്ങളില്‍ കൂടുതല്‍ ലോഡ് സവാള വിപണിയിലേക്ക് എത്തിത്തുടങ്ങി. എന്നാല്‍ ഇപ്പോള്‍ എത്തുന്ന സവാള നേരത്തേ വിളവെടുത്ത് സ്റ്റോക്ക് ചെയ്തിരുന്നതാണ്. അതിനാല്‍ത്തന്നെ പഴകിയതും ചീഞ്ഞതും ഏറെയുണ്ട്. വന്‍കിട വ്യാപാരികള്‍ ഇതു പൊട്ടിച്ച് മോശമുള്ളവ തിരിഞ്ഞു കളഞ്ഞ് വീണ്ടും ചാക്കില്‍ നിറച്ചാണ് വില്പന നടത്തുന്നത്.
അടുത്ത മാസം വിളവെടുപ്പ് തുടങ്ങിയാലേ വില സാധാരണ നിലയിലേക്ക് എത്തുകയുള്ളൂ. എന്നാല്‍ കോവിഡ് മൂലമുണ്ടായ തൊഴിലാളിക്ഷാമവും മറ്റു ചില പ്രശ്നങ്ങളും മൂലം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കൃഷി കുറഞ്ഞു. അതുകൊണ്ടുതന്നെ രണ്ടു മാസം മുന്‍പ് ഉണ്ടായിരുന്നതു പോലെ വില 20 രൂപയില്‍ താഴെപ്പോകാന്‍ സാധ്യത വളരെ കുറവാണ്.