ട്രാൻസ്ജെൻഡർ സജ്ന ഷാജി ആത്മഹത്യയ്ക്ക് ശ്രമിച്ചു. എറണാകുളം മെഡിക്കൽ ടെസ്റ്റിലാണ് സജ്നയെ പ്രവേശിപ്പിച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെയുള്ള അവഹേളനം സഹിക്കാൻ കഴിയാതെയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് സുഹൃത്തുക്കൾ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിലൂടെ വിഷമങ്ങൾ പങ്കുവച്ചിതന് ശേഷമാണ് സജ്ന ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തന്നെ കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന ഓഡിയോ ക്ലിപ്പ് പുറത്തുവന്നതിൽ മാനസികമായി ക്ലേശമനുഭവിച്ചിരുന്നു സജ്നയെന്ന് കുറിപ്പിൽ പറയുന്നു. അതിന്റെ സത്യമെന്തെന്ന് അറിയാതെയാണ് പലരും തന്നെ അവഹേളിക്കുന്നതെന്നും കുറിപ്പിൽ പറയുന്നു.
ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സജ്നയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. അമിത അളവിൽ ഉറക്ക ഗുളിക കഴിച്ചതിനെ തുടർന്നാണ് സജ്നയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത് മെഡിക്കൽ ട്രസ്റ്റ് പിആർഒ പറഞ്ഞു. നിലവിൽ ഐസിയുവിലാണെന്നും വൈകീട്ടോടെ മാത്രമെ ആരോഗ്യ നിലയെ കുറിച്ച് കൂടുതൽ പറയാൻ സാധിക്കുവെന്നും പിആർഒ പറഞ്ഞു.
കാക്കനാട്-തൃപ്പൂണിത്തുറ ബൈപ്പാസിലെ വഴിയരികിൽ ഭക്ഷണം വിറ്റ് ജീവിക്കുകയാണ് സജന അടക്കമുള്ള അഞ്ച് ട്രാൻസ്ജൻഡർമാർ. സ്വാദിഷ്ടമായ ബിരിയാണിയും ഊണുമെല്ലാം പൊതി കെട്ടി വഴിയരികിൽ കൊണ്ടുപോയി വിറ്റ് നല്ല രീതിയിൽ ജീവിച്ചുപോരുന്നതിനിടെയാണ്
ഇവരുടെ തൊട്ടടുത്ത് കച്ചവടം നടത്തുന്ന സംഘം സജന അടക്കമുള്ളവരുടെ കച്ചവടം തടസപ്പെടുത്തുന്നതും പ്രശ്നങ്ങൾ തുടങ്ങുന്നതും.
പിന്നീട് ലിംഗവിവേചനം മുൻനിർത്തിയുള്ള അതിക്ഷേപങ്ങൾ നടത്തി മാനസികമായും തളർത്തി. പ്രശ്നങ്ങൾ മുഴുവൻ സജന സോഷ്യൽ മീഡയയിൽ പങ്കുവച്ചു. കുറച്ച് ദിവസമായി തങ്ങളെ മാനസികമായി ഇവർ പീഡിപ്പിക്കുകയാണെന്ന് സജന കരഞ്ഞുകൊണ്ട് ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു. പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും വിഷയത്തിലിടപെടാൻ പൊലീസ് വിസമ്മതിച്ചുവെന്നും സജന പറയുന്നു. ഇതിന് പിന്നാലെ ജയസൂര്യ, സന്തോഷ് കീഴാറ്റൂർ എനനിവരടക്കം സജനയെ സഹായിച്ച് കച്ചവടം മുന്നോട്ടു കൊണ്ടുപോയി. സജനയെ അധിക്ഷേപിച്ചവർക്കെതിരെ യുവജന കമ്മീഷനടക്കം കേസെടുത്തിരുന്നു. എന്നാൽ ഇതിനെല്ലാം പിന്നാലെയാണ് സജനയ്ക്കെതിരെ തെറ്റിദ്ധരിപ്പിക്കുന്ന ഓഡിയോ ക്ലിപ്പ് പുറത്തുവരികയും സജ്നയെ മനോവിഷമത്തിലാക്കുകയും ചെയ്തത്.