കേരളത്തിന്റെ നെഞ്ചിടിപ്പും തമിഴ്നാടിന്റെ ‘ഇദയനീരും’ ആണ് മുല്ലപ്പെരിയാർ. രണ്ടു സംസ്ഥാനങ്ങൾക്കിടയിൽ തർക്കത്തിന്റെയും വിവാദത്തിന്റെയും കോട്ടകെട്ടി നിൽക്കുന്ന അണക്കെട്ടിന് ഇന്ന് 125 ാം പിറന്നാൾ.
തമിഴ്നാട്ടിലെ ശിവഗിരി മലയിലെ ചൊക്കംപെട്ടിയിൽ നിന്ന് ഉത്ഭവിക്കുന്ന പെരിയാർ 48 കിലോമീറ്റർ പിന്നിട്ട് മണലാറിനു സമീപം മുല്ലയാറുമായി ചേർന്ന് മുല്ലപ്പെരിയാറാകുന്നു. ഈ നദിയിൽ ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിൽ വള്ളക്കടവിലാണ് അണക്കെട്ട് നില്കുന്നത് . 1895 ഒക്ടോബർ 10ന് ഉദ്ഘാടനം ചെയ്തു.
മധുരയുടെ ജലവാഹിനിയായ വൈഗ നദി 6 മാസം ഉണങ്ങിക്കിടക്കുന്നഒഴിവാക്കാനുള്ള ആലോചന തുടങ്ങിയത് 1789 ൽ ആണ്. 1882 ൽ ബ്രിട്ടിഷ് എൻജിനീയർ ക്യാപ്റ്റൻ പെന്നിക്വിക്കും ആൻസ്മിത്തും ചേർന്ന് രൂപരേഖ തയാറാക്കി. 1884 ൽ തിരുവിതാംകൂറുമായി ചർച്ചയാരംഭിച്ചു. വിശാഖം തിരുനാളായിരുന്നു മഹാരാജാവ്. 1886 ൽ മദിരാശി സർക്കാരുമായി കരാറായി. 1887 ൽ നിർമാണം തുടങ്ങി.
ശർക്കരയും കരിമ്പിൻ നീരും മുട്ടവെള്ളയും ചുണ്ണാമ്പും ചേർത്തു തയാറാക്കിയ സുർക്കി ചാന്തിൽ കരിങ്കല്ല് കെട്ടിയുണ്ടാക്കിയതാണ് ഡാമിന്റെ അടിത്തറ.