എസ്ബിഐ ഉൾപ്പെടെയുള്ള പൊതു മേഖലയിലെ 9 ബാങ്കുകൾ വായ്പ നിരക്കിൽ ഇളവു പ്രഖ്യാപിച്ചു. റിസർവ് ബാങ്ക് വായ്പ പലിശനിരക്കിൽ പ്രഖ്യാപിച്ച 0.25% ഇളവിന് അനുബന്ധമായിണ് ബാങ്കുകൾ പലിശ കുറച്ചു തുടങ്ങിയത്.
റിപ്പോ അധിഷ്ഠിത നിരക്കുകൾ, ബാങ്കുകൾ അനുവദിക്കുന്ന എല്ലാ വായ്പകൾക്കും ബാധകമല്ല. വാണിജ്യ ബാങ്കുകൾക്ക് ആർബിഐ അനുവദിക്കുന്ന വായ്പയുടെ റിപ്പോ നിരക്ക് 6.5 ശതമാനത്തിൽനിന്ന് 6.25 ശതമാനമായി കുറച്ചത് ഇക്കഴിഞ്ഞ ദിവസമാണ്. റീപ്പോ അധിഷ്ഠിത നിരക്കുകൾ ബാധകമുള്ളത്, ഭവന വായ്പ, എംഎസ്എംഇ വായ്പ തുടങ്ങി ഏതാനും ഇനത്തിനു മാത്രമാണ്. ഇത്തരം വായ്പ്പകൾക്കാണ് ബാങ്കുകൾ ഇളവു പ്രഖ്യാപിച്ചു തുടങ്ങിയത്.
പഞ്ചാബ് നാഷനൽ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ഇന്ത്യ, കനറാ ബാങ്ക്, ഇന്ത്യൻ ബാങ്ക്, യൂക്കോ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, എസ്ബിഐ തുടങ്ങിയ ബാങ്കുകളാണ് പലിശ ഇളവു പ്രഖ്യാപിച്ചിട്ടുള്ളത്. കൂടാതെ സ്വകാര്യ മേഖലയിൽനിന്നു കരൂർ വൈശ്യ ബാങ്കും ആർബിഎൽ ബാങ്കുമാണ് വായ്പ നിരക്കിൽ ഇളവു വരുത്തിയിട്ടുള്ളത്. ഈ നിരക്കുകൾ ബാങ്കുകളുടെ വെബ്സൈറ്റിൽ ലഭ്യമാണ്.
