പ്രണയം കേന്ദ്ര പ്രമേയമാകുന്ന ഒരു സിനിമ വിജയം കൈവരിക്കുന്നത് സിനിമയുടെ ചരിത്രത്തിൽ ഒരു അപൂര്‍വ്വതയല്ല, പ്രത്യേകിച്ചും തമിഴ് സിനിമയിൽ. തന്നെ എണ്ണം പറഞ്ഞ, വിജയിച്ച ധാരാളം തമിഴ് സിനിമയിൽ എടുത്തുകാണിക്കാനും ആകും. ആകൂട്ടത്തിൽ പരിഗണിക്കപ്പെടാവുന്ന ഒരു സിനിമയാണ് സിനിമാറ്റോഗ്രാഫറിൽ നിന്ന് സംവിധാനരംഗത്തേക്ക് പ്രവേശിച്ച സി. പ്രേംകുമാറിന്റെ 96 എന്നസിനിമയും. എന്നാൽ സിനിമകണ്ടുകഴിയുന്പോൾ പ്രതീക്ഷകൾക്കപ്പുറം സാധാരണ പ്രേക്ഷകരെ കൊണ്ടെത്തിക്കുന്ന ഒരു സിനിമയായി 96 മാറുന്നു. ക്ലീഷേ ആയി തീരാമായിരുന്ന പ്രണയ-സിനിമാ സങ്കല്‍പ്പത്തിനപ്പുറത്തേക്ക് ചലച്ചിത്രത്തെ കൊണ്ടെത്തിക്കാൻ തിരക്കഥാ കൃത്തുകൂടിയായ സംവിധായകനു കഴിയുന്നതാണ് പ്രേക്ഷകരുടെ ധാരണയെതിരുത്താന് സംവിധായകനെ സഹായിച്ച ഒരു ഘടകം. മറ്റൊന്ന് അടുത്തകാലത്തായി വഴിമാറി ചിന്തിക്കുന്ന പുതുതലമുറയിലെ സംവിധായകർ തങ്ങളുടെ സാമൂഹ്യ ബോധത്തിൽ നിന്നും രൂപപ്പെടുത്തി എടുത്ത ബോധ്യങ്ങളെ സിനിമയിൽ കൂടി അവതരിപ്പിക്കാൻ ശ്രമിക്കുന്നതിൽ കൈവരിക്കുന്ന വിജയം ആണ്. 96 പോലെയുള്ള ഒരു സിനിമ എന്തുതരം സാമൂഹ്യ ബോധ്യമാണ് അവതരിപ്പിക്കുന്നതെന്നൊരു ചോദ്യം ഈ നിരീക്ഷണത്തിനെതിരെ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. ആ ചോദ്യത്തിനുള്ള ഉത്തരം തേടാനുള്ള ശ്രമമാണ് ഇവിടെ നടത്തുന്നത്.
ട്രാവൽ ഫോട്ടോഗ്രാഫറായ കെ രാമചന്ദ്രൻ എന്ന റാം തൊഴിലിന്റെ ഭാഗമായി താൻ കൗമാകാലം വരെ ചിലവിട്ട തഞ്ചാവൂരിലെത്തുന്നതും അവിടെ ചിലവഴിച്ച ഓരോസ്ഥലങ്ങൾ കാണുന്നു എങ്കിലും തന്റെ സ്കൂളിൽ മാത്രമാണ് അയാൾ കയറാനായി ആഗ്രഹിക്കുന്നത്. തങ്ങളുടെ ചെറുപ്പകാലത്തവിടെയുണ്ടായിരുന്ന, റാമും കൂട്ടുകാരും കാവൽ ദൈവം എന്നു വിളിച്ചിരുന്ന വാച്ച് മാൻ(ജനകരാജ്) തന്നെയാണ് ഇപ്പോഴും അവിടെയുള്ളത്. സ്കൂളും പരിസരവും 22 വർഷങ്ങൾക്കിപ്പുറം ചുറ്റി നടന്നു കാണുന്ന അയാൾ സ്കൂളിൽ തന്റെ ഏറ്റവും അടുത്ത സുഹൃത്തിനെ വിളിക്കുന്നു. അയാൾ അവരുടെ സ്കൂൾ മേറ്റ്സിന്റെ വ്ട്ട്സ് ആപ്പ് ഗ്രൂപ്പിലേക്ക് റാമിനെ ചേർക്കുകയും ഒപ്പം തന്നെ ചെന്നെയിൽ(അവരിൽ ഏറെപ്പേരും ഇപ്പോൾ കഴിയുന്ന സ്ഥലം) അവരുടെ റീയൂണിയൻ ഏർപ്പാടാക്കുകയും ചെയ്യുന്നു. എല്ലാവരുടേയും ഒത്തു ചേരലിനൊപ്പം റാമിന്റെയും അവന്റെ സ്കൂൾ കാലപ്രണയിനിയായിരുന്ന ജാനകി ദേവിയുടേയും കൂടിച്ചേരലെന്ന കൗതുകവും കൂട്ടുകാരെ എല്ലാവരേയും ഈ കൂടിച്ചേരലിന് പ്രേരിപ്പിക്കുന്നുണ്ട്.
ചിത്രത്തിന്റെ ആദ്യ പകുതി മുഴുവനും സ്കൂൾ കാലഘട്ടത്തിലെ ഓർമ്മകൾ അവതരിപ്പിക്കുന്നു. കെ.രാമചന്ദ്രന്റെയും ജാനകിദേവിയുടേയും പ്രണയത്തിന്റെ അവതരണവും കൂടിയാണ് ഇവിടെ നടക്കുന്നത്. ഒരുപ്രത്യേക ഘട്ടത്തിൽ തനിക്ക് ജാനകിയോട് പ്രണയം തോന്നി തുടങ്ങിയ കാര്യം റാം സുഹൃത്തുക്കൾക്കുമുന്‍പിൽ അനാവരണം ചെയ്യുന്നുവെങ്കിലും ആ കാര്യം അവളോടു പറയാൻ അവനുസാധിക്കുന്നില്ല. ഈ ഘട്ടത്തിൽ തന്നെ അയാളുടെ സ്വഭാവസവിശേഷതകളും വെളിപ്പെട്ടു തുടങ്ങുന്നുണ്ട്. ഒരു തരം അപകർഷതക്കടിമയായവനെപോലെയാണ് അയാൾ പെരുമാറുന്നത്. റാമിന്റെ അന്ധർമുഖത്വം വെളിപ്പെടുത്താന്‍ തൊണ്ണൂറുകളിലെ പ്രണയത്തിന്റെ പശ്ചാത്തലമൊരുക്കിയ ഇളയരാജയുടെ ഗാനങ്ങളാണ് സംവിധായകന് ഉപയോഗിക്കുന്നത്. ജാനകിദേവി ക്ലാസ്സിലെ പ്രധാനപാട്ടുകാരിയാണ്. അവള് പാടുന്നതത്രയും പ്രണയഗാനങ്ങളാണുതാനും. പക്ഷെ ദളപതി എന്ന ചിത്രത്തിലെ “യമുനയാറ്റിലെ…….” എന്ന ഗാനം ജാനകി പാടികേള്‍ക്കാന്‍ ഏറെ കൊതിക്കുന്ന രാം അതു പാടാന്‍ കൂട്ടൂകാരെക്കൊണ്ട് ശിപാര്‍ശ ചെയ്യിക്കുന്നു വെങ്കിലും അവന്റെ പ്രണയം സ്വീകരിക്കാന്‍ സന്നദ്ധയായ ജാനകി ആ ഗാനം മാത്രം പാടുന്നില്ല. അത് അവന് നേരിട്ട് ആവശ്യപ്പെടട്ടേ എന്ന് ശിപാര്ശക്കാരോട് പറയുകവരെചെയ്യുന്നു. രാമിന്റെ അപകര്‍ഷതയുടെ തോത് ഏകദേശം മനസ്സിലാക്കുന്ന ജാനകി ഇരുവരുടേയും നിറത്തിന്റെ വ്യ്യാസത്തെ മുന്‍നിര്‍ത്തി “വെണ്ണക്കട്ടി നാന്…..” എന്നു തുടങ്ങുന്ന പാട്ടുപാടി അവനെ ശുണ്ഠി പിടിപ്പിക്കാന്‍ വരെ ശ്രമിക്കുന്നു. പക്ഷെ ഒരിക്കല്‍പോലും രാമിനത് മറികടക്കാന്‍ കഴിയുന്നില്ല. രാമചന്ദ്രനും ജാനകിയും തമ്മിലുള്ള വ്യത്യാസം നിറത്തില്മാത്രമല്ലെന്ന് ഇരുവരുടേയും വീടുകളുടെ ഒന്നോരണ്ടോ ദൃശ്യത്തിലൂടെ സംവിധായകന് വെളിപ്പെടുത്തുന്നു. സാമ്പത്തികമായും സാമുദായികമായും ഏറെ അകലത്തില്നില്ക്കുന്നവരാണ് ഇരുവരെന്നും ഈ ദൃശ്യങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. ഈ അന്തരം തന്നെയാണ് ഒറ്റരാത്രികൊണ്ട് ആരോടും പറയാതെ നാടുവിട്ടുപോകാന്‍ രാമചന്ദ്രനേയും കുടുംബത്തേയും സന്നദ്ധരാക്കുന്നതും. ജാനകിയോട് പ്രണയം തോന്നിതുടങ്ങിയ സമയം മുതല്‍ അവളുടെ മുഖത്തുനോക്കാന്‍ സാധിക്കാതെ വരുന്നതും അവള് സ്പര്‍ശിക്കുന്ന മാത്രയില്‍ ബോധഹീനനായി വീഴുന്നതിനും കാരണം മറ്റൊന്നല്ല. 22 വര്‍ഷത്തിനിപ്പുറം സ്വതന്ത്രനായി ജീവിക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന റാം ജാനകിയോടുള്ള അയാളുടെ കാഴ്ചപ്പാടില്‍ യാതൊരുമാറ്റവും വന്നില്ല എന്നു തെളിയിക്കുന്നതായിരുന്നു കണ്ടുമുട്ടലിന്റെ വേളയില്‍ അവള് തൊടുമ്പോള്‍ ബോധരഹിതനാകുന്നത്.
അവളുടെ ജീവിതത്തിലെ ഓരോസന്ദര്‍ഭത്തിലും രാം അവളെ പിന്തുടര്‍ന്നിരുന്നുവെന്നും കൂട്ടുകാരുടെ ഒത്തുചേരലിനുശേഷമുള്ള രാത്രിയിലാണ് ജാനകി മനസ്സിലാക്കുന്നത്. അതുപോലെ ജാനകി എത്രതീവ്രമായാണ് തന്നെ പ്രണയിച്ചിരുന്നതെന്ന് റാമും. ജാനകിയെ ഹോട്ടലില്‍ ഇറക്കി തിരികെ പോകുന്ന രാമിനോട് ജാനകി ‘ നീ ഇപ്പോള്‍ എവിടെയാണ് ‘ എന്നു ചോദിക്കുമ്പാള്‍ ‘നിന്നെ വിട്ടിട്ടുപോന്ന അതേസ്ഥലത്ത്’ എന്നുള്ള മറുപിടി അക്ഷരാര്‍ത്ഥത്തില്‍ ജാനകിയെ തളര്‍ത്തികളയുന്നു. ജീവതത്തില്‍ തന്റെ സ്ഥാനത്ത് അയാള്‍ മറ്റൊരുസത്രീയെ ഇരുത്തിയില്ലെന്നു തിരിച്ചറിയുന്ന ജാനകി ‘നിന്നെ പോലെയുള്ളവരെയാണ് സ്ത്രീകള്ക്കേറെ പ്രിയം’ എന്നു പറയുമ്പോഴും റാം അവന്റെ കറുത്ത നിറത്തെക്കുറിച്ചാണ് പറയുന്നത്. അവന്റെ ശുദ്ധതയില്‍ സഹതപിക്കുന്ന ജാനകി ‘നീ ഒരു ആമ്പിളൈ നാട്ടുകട്ടെ ‘ എന്നു പറഞ്ഞ് പരിഹസിക്കുമ്പോഴും അവനോടുള്ള സ്നേഹം തന്നെയാണ് പ്രകടിപ്പിക്കുന്നത്. സാധാരണയായി പെണ്കുട്ടികെളെക്കുറിച്ചു നടത്തുന്ന പ്രയോഗമാണ് ഇത്. രാവിലെ സിംഗപൂരിലേക്കുള്ള വിമാനത്തില്‍ പോകാനുള്ള ജാനകി ആ രാത്രി റാമിനൊപ്പം രാത്രിഡ്രൈവിനുപോകുന്നു. എവിടേക്കാണ് പോകേണ്ടതെന്ന റാമിന്റെ ചോദ്യത്തിന് ‘സലൂണിലേക്കെന്ന് ‘അവള് മറുപിടി പറയുന്നത് റാമിനെ എന്നതുപോലെ പ്രേക്ഷകനേയും അത്ഭുതപ്പെടുത്തും. സലൂണിലെത്തിക്കുന്ന റാമിനെ അവള് ക്ലീന്‍ഷേവ് ചെയ്യിച്ച് കൗമാരക്കാരനാക്കാന് ശ്രമിക്കുന്നത് രണ്ടര്‍ത്ഥത്തില്‍ കാണം. ഒന്ന് പഴയറാമിനെ ഒരുദിവസത്തേക്കെങ്കിലും തിരികെ പിടിക്കാന്‍ സാധിക്കുമല്ലോ എന്നതരത്തില്‍ . മറ്റൊന്ന് അവര്‍ രണ്ടാളും പുലര്‍ത്തുന്ന നേരത്തേ പറഞ്ഞ വ്യക്തിപരമായ അന്തരം. അതുകൊണ്ടായിരിക്കാം യാതൊരു ശ്രദ്ധയുമില്ലാതെ അയാള്‍ ടീ ഷര്‍ട്ടിനു പുറത്തു ധരിച്ചിരുന്ന ഷര്‍ട്ട് അവള് ഊരിമാറ്റുന്നത്.
രണ്ടാം പകുതിയെ ഏറെ അപഹരിച്ച നായികാ നായകന്മാരുടെ രാത്രിയാത്രക്കിടയില്‍ ജാനകി രാം ഇപ്പോള്‍ താമസിക്കുന്ന ചെന്നയിലെ ഫ്ലാറ്റിലും എത്തുന്നു. അയാളുടെ മുഴുവന്‍ ഓര്‍മ്മകളും അവിടെ ശേഖരിക്കപ്പെട്ടിരിക്കുന്നതുകാണുമ്പോള് ഭൂതകാലത്തില്‍ റാം എത്രമാത്രം അഭിരമിക്കുന്നു എന്ന് മനസ്സിലാക്കാം. അവന്റെ നിഷ്കളങ്കതമനസ്സിലാക്കുന്ന ജാനകി അവിടെ വച്ച് വൈദ്യുതി ഇല്ലാതാകുമ്പോള്‍ ‘യമുന ആറ്റിലെ ……..’ പാടുന്നു. ഒരു പക്ഷെ, തങ്ങള്‍ക്കിരുവര്‍ക്കും ഒരിക്കല്‍ നഷ്ടപ്പെട്ട അവസരത്തെ ഒരുദിവസത്തേക്കെങ്കിലും അവനുനല്കാനുള്ള ജാനകിയുടെ ക്ഷണമായിരുന്നുവോ അതെന്ന് ‘ദളപതി’ യിലെ നായികാ നായകന്മാരെ ഓര്‍ക്കുന്നവര്‍ക്ക് തോന്നാവുന്നതാണ്. പക്ഷെ ജാനകിക്കോപ്പമുള്ള ഇരുട്ടിനെ രാം എത്രമാത്രമാണ് ഭയപ്പെടുന്നതെന്ന് അയാള്‍ കാണിക്കുന്ന വെപ്രാളം സൂചിപ്പിക്കുന്നു. ഒരു ദിവസത്തെ ഓര്‍മ്മയും പേറി ഇരുവരും പിരിയുമ്പോള്‍ ചിത്രത്തിന്റെ തുടക്കതിലെന്ന പോലെ റാം ഒറ്റക്കാവുന്നു. അയാളുടെ ഓര്‍മ്മകളുടെ ചെപ്പില്‍ അവള് അവശേഷിപ്പിച്ചു പോയതെല്ലാം അടുക്കി വയ്ക്കുന്നിടത്ത് ചിത്രം അവസാനിക്കുന്നു. പ്രത്യേകതരം സാമൂഹ്യ ജീവിത്തില്‍ അപകര്‍ഷതയെ മറികടക്കാന്‍ അഹങ്കാരത്തോളം വരുന്ന ധിക്കാരമോ, അജ്ഞതയോളം പോന്ന അറിവില്ലായ്മയോ ആവശ്യമാണെന്നു തോന്നിപ്പിക്കുന്നു റാമിന്റ ജീവിതം. പുതിയകാലത്തിന്റെ നിറം ജാതി സന്പത്ത് എന്നിവയെക്കുറിച്ച് വീണ്ടും വീണ്ടും ഓര്‍മ്മിപ്പിച്ചു കൊണ്ടിരിക്കുന്ന തമിഴ് സിനിമയിലെ പുതിയ തലമുറെ വെറുതെ ഒരു പ്രണയം പറഞ്ഞു എന്നു കരുതാന്‍ മാത്രം പ്രേക്ഷകരുടെ നിലവാരം താഴാന്‍ പാടുള്ളതല്ല.
തയ്യാറാക്കിയത്: സുരേഷ് പി എസ്