കോവിഡ് സാഹചര്യം മുന്‍നിര്‍ത്തി സി.ബി.എസ്.ഇ, സി.ഐ.എസ്.സി.ഇ സിലബസുകള്‍ 50 ശതമാനം വെട്ടിച്ചുരുക്കിയേക്കും. നേരത്തെ 30 ശതമാനം സിലബസ് ഒഴിവാക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഈ വിദ്യാഭ്യാസ വര്‍ഷം പകുതി സിലബസ് നിലനിര്‍ത്തിയാല്‍ മതിയെന്ന തീരുമാനത്തിലേക്ക് എത്തുന്നതെന്ന് ഇന്ത്യാ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു. പരീക്ഷാ നടത്തിപ്പ് 45-60 ദിവസങ്ങള്‍ നീട്ടിവെക്കാനും നീക്കമുണ്ട്. എന്നാല്‍, ഇക്കാര്യങ്ങളില്‍ അന്തിമ തീരുമാനമായിട്ടില്ല.
നേരത്തെ, സി.ബി.എസ്.ഇ സി.ഐ.എസ്.സി.ഇ 10, 12 ക്ലാസുകളിലെ സിലബസ് 30 ശതമാനം വെട്ടിക്കുറക്കാന്‍ ജൂലൈയില്‍ തീരുമാനിച്ചിരുന്നു. ഒഴിവാക്കുന്ന പാഠഭാഗങ്ങളില്‍ നിന്ന് പരീക്ഷക്ക് ചോദ്യങ്ങള്‍ ഉണ്ടാവില്ലെന്നും എന്നാല്‍, എന്‍.സി.ഇ.ആര്.ടിയുടെ അക്കാദമിക കലണ്ടര്പ്രകാരമുള്ള എല്ലാ പാഠഭാഗങ്ങളും പഠിപ്പിക്കാന്‍ സ്ഥാപനങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നും സി.ബി.എസ്.ഇ വ്യക്തമാക്കിയിരുന്നു.