മദ്യപിച്ചതിനെ തുടർന്ന് കഞ്ചിക്കോട് മൂന്ന് പേർ മരിച്ചു. പയറ്റുകാട് ആദിവാസി കോളനിയിലെ രാമൻ, അയ്യപ്പൻ, ശിവൻ എന്നിവരാണ് ഇന്നലെയും ഇന്നുമായി മരിച്ചത്. വ്യാജമദ്യം കഴിച്ചതാണ് മരണകാരണമെന്ന് സംശയിക്കുന്നു.
ഞായറാഴ്ച വൈകുന്നേരം സംഘമായാണ് കോളനി നിവാസികൾ മദ്യപിച്ചത്. രാത്രിയോടെ ഒരാൾ കുഴഞ്ഞു വീഴുകയും ചർദ്ദിക്കുകയും തുടർന്ന് മരിക്കുകയായിരുന്നു. രണ്ട് പേരെ ഇന്ന് പുലർച്ചെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഇവർക്കൊപ്പം മദ്യപിച്ച സ്ത്രീകളുൾപ്പെടെയുള്ള ചിലരെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഇവർ കഴിച്ച മദ്യത്തിൽ സാനിറ്റൈസർ കലർത്തിയിരുന്നോ എന്ന സംശയം ഉയർന്നിട്ടുണ്ട്. വ്യജമദ്യമാണോയെന്ന കാര്യം മൃതദേഹ പരിശോധനയ്ക്ക് ശേഷം മാത്രമേ ഉറപ്പിക്കാനാവൂ എന്ന് പോലീസ് വ്യക്തമാക്കി. ഇവരെല്ലാവരും ഒരേ മദ്യം തന്നെയാണ് കഴിച്ചതെന്ന് കോളനിയിലുള്ളവർ അറിയിച്ചു