ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയ്ക്ക് ഇന്ന് അറുപതാം പിറന്നാള്‍. ഫുട്ബോള്‍ ചരിത്രത്തിലെ എക്കാലത്തെയും മഹാനായ ഈ കളിക്കാരന് ഫുട്ബോള്‍ പ്രേമികള്‍ക്ക് എന്നും ഒരു വികാരമാണ്. ഫുട്ബോള്‍ എന്ന മനോഹര കളിയിലെ എക്കാലത്തെയും വലിയ മാന്ത്രികന്. ബുദ്ധി കൊണ്ടും പ്രതിഭ കൊണ്ടും മൈതാനങ്ങള്‍ കീഴടക്കിയ ഇതിഹാസം. ഡീഗോ അര്‍മാന്‍ഡോ മറഡോണ. കളിക്കളത്തില്‍ ഒന്നൊന്നായി എതിരാളികളെ വെട്ടിയൊഴിയുന്ന മറഡോണ കണ്ണുകള്‍ക്കും ഹൃദയത്തിനും നല്കുന്ന ആനന്ദം വിവരണാതീതമാണ്. മികച്ച കായികശേഷി. പന്തിന് മേലുള്ള അസാധാരണമായ നിയന്ത്രണം. അപാരമായ ഡ്രിബ്ലിംഗ് മികവ്.
1986ല്‍ അര്‍ജന്റീന ചാമ്പ്യന്മാരായ ലോകകപ്പിലെ ലീഗ് മത്സരത്തില്‍, ഇംഗ്ലണ്ടിനെതിരെ സ്വന്തം ഹാഫില്‍ മറഡോണയ്ക്ക് പന്ത് കിട്ടുമ്പോള്‍ അത് പന്ത്രണ്ടാമത്തെ ടച്ചായിരുന്നു. തുടര്‍ന്നങ്ങോട്ട് ഇംഗ്ലണ്ടിന്റെ അഞ്ച് കളിക്കാരെയും ഗോളി പീറ്റര്‍ ഷില്‍ട്ടണെയും മറികടന്ന് മറഡോണ പന്ത് വലയിലെത്തിച്ചപ്പോള്‍ അത് ഫുട്ബോള്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോളുകളിലൊന്നായി. പിന്നീട് ഏറെ വിവാദമായൊരു ഗോള്‍, ആ കളിയില്‍ അതിന് മുന്‍പ് മറഡോണ നേടിയിരുന്നു. ചാടി ഉയര്‍ന്ന് കൈ കൊണ്ട് വലയിലേയ്ക്ക് തട്ടിയിട്ടൊരു ഗോള്‍. അത് ദൈവത്തിന്റെ കൈ ആയിരുന്നെന്നാണ് പിന്നീട് മറഡോണ പറഞ്ഞത്. ഫുട്ബോള്‍ മൈതാനത്തെ മറഡോണ എത്ര കണ്ടാലും മതിവരാത്ത കാഴ്ചയാണ്. ഭൂമിയില്‍ കല്പന്ത് കളി ഉള്ളിടത്തോളം കാലം ഫുട്ബോള്‍ പ്രേമികളുടെ ഹൃദയങ്ങളില്‍ നിന്ന് ഒരിക്കലും ഒഴിഞ്ഞുപോകാത്ത, അത്യന്തം ആനന്ദദായകമായ കാഴ്ച. പ്രിയപ്പെട്ട മറഡോണ, പിറന്നാള്‍ ആശംസകള്‍