പഴയ വാഹനങ്ങള്‍ക്കും അതിസുരക്ഷാ നമ്ബര്‍പ്ലേറ്റുകള്‍ അനുവദിക്കുന്നതിനായി വാഹന്‍ സോഫ്റ്റ്വേറില് മാറ്റം വരുത്താന്‍ മോട്ടോര്‍വാഹനവകുപ്പ് കത്ത് നല്കി. ആദ്യപടിയായി മോട്ടോര്‍വാഹനവകുപ്പിന്റെ ഔദ്യോഗിക വാഹനങ്ങളില്‍ ഇവ ഘടിപ്പിക്കും.
അതിസുരക്ഷാ നമ്ബര്പ്ലേറ്റുകളുടെ സീരിയല്‍ നമ്ബരുകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന് വിവരങ്ങളില്‍ കൂട്ടിച്ചേര്‍ക്കേണ്ടതുണ്ട്. പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷന് സമയത്ത് ഇതിനുള്ള അവസരമുണ്ട്. നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വാഹനങ്ങള്‍ക്കും ഇതേരീതിയില്‍ നമ്ബര്ബോര്ഡിന്റെ വിവരങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പാകത്തില്‍ സോഫ്റ്റ്വേറില് മാറ്റം വരുത്തും. പുതിയവാഹനങ്ങള്‍ക്ക് വാഹന ഡീലര്‍മാരാണ് നമ്ബര്‍പ്ലേറ്റ് നല്‍കുന്നത്. ഇതേ മാതൃകയില്‍ ഡീലര്‍മാരെയോ ലൈസന്സികളെയോ സമീപിച്ച് പുതിയ നമ്ബര്ബോര്ഡ് ഘടിപ്പിക്കാം.
പഴയവാഹനങ്ങള്‍ക്ക് അതിസുരക്ഷാ നമ്ബര്‍പ്ലേറ്റ് നിര്‍ബന്ധമല്ല. എന്നാല്‍ കൂടുതല്‍ സുരക്ഷിതമായതിനാല്‍ ഇവയിലേക്ക് മാറാന്‍ നിരവധി വാഹന ഉടമകള്‍ സന്നദ്ധരാണ്. മുന്‍വശത്തെ ഗ്ലാസില്‍ പതിക്കുന്ന ഹോളോഗ്രാമുള്ള തേര്‍ഡ് രജിസ്ട്രേഷന് പ്ലേറ്റ് വ്യാജമായി നിര്‍മ്മിക്കാന്‍ കഴിയില്ല. അതിസുരക്ഷാ നമ്ബര്ബോര്ഡ് ഘടിപ്പിച്ചിട്ടുള്ള വാഹനങ്ങളുടെ രജിസ്ട്രേഷന് രേഖകള്‍ സൂക്ഷ്മമായി പരിശോധിക്കേണ്ടതില്ല. അതിനാല്‍ വഴിയിലെ വാഹന പരിശോധനകളില്‍ കൂടുതല്‍ സമയം നഷ്ടമാകില്ല.