പത്തനംതിട്ടയിൽ അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയായ രണ്ടാനച്ഛന് വധശിക്ഷ വിധിച്ച് പത്തനംതിട്ട അഡീഷനൽ സെഷൻ കോടതി. കേസിലെ പ്രതിയും അമ്മയുടെ രണ്ടാം ഭർത്താവുമായ തമിഴ്നാട് രാജപാളയം സ്വദേശി അലക്സ് പാണ്ഡ്യനാണ് വധശിക്ഷ വിധിച്ചത്. ജുവനൈൽ ജസ്റ്റിസ് ആക്ട്, ക്രൂരമായ മർദനം, കൊലപാതകം, പോക്സോ, പീഡനം, ഉൾപ്പെടെ പ്രതിക്കെതിരെ ചുമത്തിയ 16 വകുപ്പുകളാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. കുട്ടിയുടെ ശരീരത്തിൽ ആഴത്തിലുള്ള 67 മുറിവുകളുണ്ടായിരുന്നതായും പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ പറയുന്നു. തമിഴ്നാട് സ്വദേശികളായ അലക്സ് പാണ്ഡ്യനും ഭാര്യയും കഴിഞ്ഞിരുന്നത് കുമ്പഴയിലെ വാടക വീട്ടിലാണ്. എന്നാൽ പ്രതി തമിഴ്നാട്ടിൽ വച്ചും കുട്ടിയെ ഉപദ്രവിച്ചതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. യുവതിയുടെ ആദ്യ വിവാഹത്തിലെ കുട്ടിയെയാണ് ഇയാൾ കൊലപ്പെടുത്തിയത്. കുമ്പഴയിലെ വീട്ടിലാണ് കൊലപാതകം നടന്നത്. ദേഹത്ത് ഒട്ടേറെ മുറിവുകളോടെ കുട്ടിയുടെ അമ്മയാണ് ആദ്യം കുട്ടിയെ കാണുന്നത്. എന്താണ് ഉണ്ടായതെന്ന് ചോദിച്ചതിന് പ്രതി അമ്മയെയും ഉപദ്രവിച്ചതായി പറയുന്നു. നാട്ടുകാരുടെ സഹായത്തോടെ കുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞെങ്കിലും രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല. അലക്സിനെ കസ്റ്റഡിയിൽ എടുക്കുകയും പിന്നീട് ഇത് കൊലപാതകം ആണെന്ന് തെളിയുകയും ചെയ്തു. പ്രതി ലഹരിക്കടിമയാണെന്നും പല തവണയും കസ്റ്റഡിയിൽ നിന്ന് രക്ഷപെടാൻ ശ്രമിച്ചതായും പോലീസ് പറയുന്നു. തെളിവ് നശിപ്പിക്കൽ കുറ്റം തെളിയിക്കാൻ പോലീസിന് കഴിഞ്ഞിട്ടില്ല. നവംബർ 5 ന് പ്രതി അലക്സ് പാണ്ഡ്യൻ കുറ്റക്കാരനാണെന്ന് കണ്ടെത്തി കോടതി വധശിക്ഷ വിധിച്ചു.
ശില്പ സുദർശൻ
കടപ്പാട് : ഫ്രീപിക്