ഈ വർഷത്തെ കേരള സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. നവംബർ 15 മുതൽ 18 വരെ ആലപ്പുഴ ജില്ലയിലെ വിവിധ സ്കൂളുകളിലാണ് മേള സംഘടിപ്പിച്ചിട്ടുള്ളത്. നവംബർ 15ന് വൈകിട്ട് 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കേരള സ്കൂൾ ശാസ്ത്രോത്സവം ഉദ്ഘാടനം ചെയ്യും. ആലപ്പുഴ സെന്റ് ജോസഫ് എച്ച് എസ് എസിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിക്കും. ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, കൃഷി മന്ത്രി പി പ്രസാദ് എന്നിവർ ചടങ്ങിൽ വിശിഷ്ടാതിഥികളാകും.
ലിയോ തേർട്ടീന്ത് ഹൈസ്കൂൾ, സെന്റ് ജോസഫ് ഹൈസ്കൂൾ, ലജ് നാത്തൂൻ മുഹമ്മദീയ ഹയർ സെക്കന്ററി സ്കൂൾ, എസ് ഡിവി ബോയ്സ്, ഗേൾസ് എന്നീ അഞ്ച് സ്കൂളുകളിൽ പ്രത്യേകം തയ്യാറാക്കിയിട്ടുള്ള വേദികളിലാണ് മേള നടക്കുക. പ്രധാന വേദിയായ സെന്റ് ജോസഫ് ഹൈസ്കൂളിൽ സാമൂഹ്യശാസ്ത്ര, ഐ ടി മേളകളും, ലിയോ തേർട്ടീന്ത് ഹൈസ്കൂളിൽ ശാസ്ത്രമേളയും, ഗണിതശാസ്ത്രമേള ലജ് നാത്തൂൻ മുഹമ്മദീയ ഹയർ സെക്കന്ററി സ്കൂളിലും പ്രവർത്തിപരിചയമേള എസ് ഡി വി ബോയ്സ് സ്കൂൾ, എസ് ഡി വി ഗേൾസ് സ്കൂളിലുമാണ് നടക്കുക. കൂടാതെ ലിയോ തേർട്ടീന്ത് ഹൈസ്കൂൾ ഗ്രൗണ്ടിൽ പ്രത്യേകം തയ്യാറാക്കിയിട്ടുള്ള വേദികളിൽ കരിയർ സെമിനാറുകളും, കരിയർ എക്സിബിഷനുകളും നിരവധി കലാപരിപാടികളും നടക്കും.
ഇനിമുതലുള്ള സ്കൂൾ ശാസ്ത്രോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലക്ക് സംഘാടക സമിതിയുടെ എഡ്യൂക്കേഷൻ മിനിസ്റ്റേഴ്സിന്റെ ട്രോഫി ഏർപ്പെടുത്തിയിട്ടുണ്ട്. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻ ബാബു നവംബർ 15ന് 9 മണിക്ക് പതാക ഉയർത്തും. വിവിധ ജില്ലകളിൽ നിന്നുള്ള 5000ത്തോളം വിദ്യാർത്ഥികൾ 180ഓളം ഇനങ്ങളിലായി മാറ്റുരക്കും.
ശില്പ സുദർശൻ
Highlight : kerala state school science festival 2024