വീട്ടിൽ മാതാപിതാക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ഒക്കെ നാം ദിവസവും കേൾക്കാറുള്ള ശകാരമാണ് വെള്ളം കുടിക്കാൻ പറയുന്നതും നിർബന്ധിക്കുന്നതും. എന്നാൽ അധികമായി വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് അപകടകരമാണെന്ന് മനസ്സിലാക്കേണ്ടതും പ്രധാനമാണ്. വെള്ളം കുടിക്കുന്നത് ശരീരത്തിന് അനിവാര്യമാണ്. ശരീരത്തിൽ ശരിയായ സന്തുലിതാവസ്ഥ നിലനിർത്തുകയും വേണം. അമിതമായി വെള്ളം കുടിക്കുന്നത് രക്തത്തിൽ സോഡിയത്തിന്റെ സാന്ദ്രത കുറക്കുന്നു. കോശങ്ങൾക്കകത്തും പുറത്തുമുള്ള ദ്രാവകങ്ങളുടെ ബാലൻസ് നിയന്ത്രിക്കാൻ സഹായിക്കുന്ന ഒരു നിർണായക ഇലക്ട്രോലൈറ്റാണ് സോഡിയം. ശരീരത്തിൽ എത്തുന്ന അധികമായ ജലം വൃക്കകൾക്ക് കാര്യക്ഷമമായി നീക്കം ചെയ്യാൻ കഴിയുന്നില്ലെങ്കിൽ അധികമായി ജലം കോശങ്ങൾക്കുള്ളിൽ പ്രവേശിക്കുകയും കോശങ്ങൾ വീർക്കുകയും ചെയ്യുന്നു. ദ്രാവകങ്ങളുടെ ബാലൻസ് നിയന്ത്രിക്കുന്നതിന് പുറമെ നാഡികളുടെ സിഗ്നലിങ്, പേശികളുടെ പ്രവർത്തനം തുടങ്ങിയവയ്ക്കും നിർണായകമായ ഇലക്ട്രോലൈറ്റാണ് സോഡിയം. ശരീരത്തിന്റെ സാധാരണ സെല്ലുലാർ പ്രവർത്തനങ്ങൾ നിലനിർത്താൻ സോഡിയം അനിവാര്യമാണ്.
സോഡിയത്തിന്റെ സാധാരണ അളവിൽ നിന്നും താഴേക്ക് പോകുന്ന സാഹചര്യത്തിൽ ശരീരത്തിലെ ഒന്നിലധികം അവയവങ്ങളെ ഇത് ബാധിക്കാൻ കാരണമാകും. മറ്റ് അവയവങ്ങളെ ബാധിക്കുന്നതിലും ഹാനികരമാണ് ഇത് തലച്ചോറിനെ ബാധിച്ചാൽ. തലച്ചോറ് തലയോട്ടിയെന്ന ആവരണത്തിനുള്ളിൽ ആയതിനാൽ കോശങ്ങൾക്ക് കൂടുതൽ വീർക്കാൻ കഴിയാതെ വരും. ഈ സാഹചര്യത്തിൽ തലയോട്ടിക്കുള്ളിലെ മർദ്ദം വർദ്ധിക്കുന്നു. ഇത്തരം അവസ്ഥയെ സെറിബ്രൽ ഒഡിമ എന്നറിയപ്പെടുന്നു. ഇങ്ങനെ ഉണ്ടാകുന്ന മർദ്ദം മൂലം തലവേദന, ആശയക്കുഴപ്പം, ചുഴലി, കോമ, മരണം തുടങ്ങിയ അവസ്ഥൾക്ക് കാരണമായേക്കാം. ഓർക്കാനം, ഛർദി, തലവേദന, ക്ഷീണം, ആശയക്കുഴപ്പം, പേശീവലിവ്, ചുഴലി തുടങ്ങിയ ലക്ഷണങ്ങൾ ശരീരത്തിൽ അമിതമായി വെള്ളമുണ്ടെന്ന് സൂചിപ്പിക്കുന്നു. ഡോക്ടറുടെ നിർദ്ദേശപ്രകാരം ഡൈയൂറെറ്റിക്സ് മരുന്നുകൾ കഴിക്കുന്നത് ശരീരത്തിലെ അമിതമായ ജലാംശം നീക്കാൻ സഹായിക്കും.
ശില്പ സുദർശൻ
Highlight : What happens when you drink too much water?