Live News Today: കാലാവധി കഴിഞ്ഞതും ഉപയോഗശൂന്യവുമായ മരുന്നുകൾ വീടുകളിൽ വന്ന് ശേഖരിക്കുന്നതിനായിട്ടുള്ള പദ്ധതി തുടങ്ങുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. മരുന്നുകൾ ശാസ്ത്രീയമായി ശേഖരിച്ച് സംസ്കരിക്കുന്നതിന് വേണ്ടിയുള്ള രാജ്യത്തെ ആദ്യത്തെ ‘nPROUD’ പദ്ധതിക്ക് കേരളത്തിലെ ഡ്രഗ്സ് കൺട്രോൾ വകുപ്പ് തുടക്കം കുറിക്കുന്നു. ബയോമെഡിക്കൽ മാലിന്യങ്ങൾ കൂടുന്ന സാഹചര്യത്തിലാണ് ഈ തീരുമാനമെടുത്തത്. ഉപയോഗശൂന്യമായ മരുന്നുകൾ കൊണ്ടുള്ള പരിസ്ഥിതി മലിനീകരണവും ആരോഗ്യ പ്രശ്നങ്ങളും ഒഴിവാക്കുക എന്നാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
ഉപയോഗിക്കാത്ത മരുന്നുകൾ വീടുകളിൽ നിന്ന് ശേഖരിക്കുകയോ നിശ്ചിത സ്ഥലങ്ങളിൽ നിക്ഷേപിക്കാനുള്ള സൗകര്യം ഒരുക്കുകയോ ചെയ്യും.
സർക്കാർതലത്തിൽ രാജ്യത്ത് ആദ്യമായിട്ടാണ് ഇങ്ങനെ ഒരു പദ്ധതി തീരുമാനിക്കുന്നത്. ഫെബ്രുവരി 22 ന് കോഴിക്കോട് വച്ച് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും. കോഴിക്കോട് കോർപ്പറേഷനിലാണ് ഇത് ആദ്യമായി നടപ്പിലാക്കാൻ പോകുന്നത്.
നിശ്ചിത മാസങ്ങളിൽ വീടുകൾ സന്ദർശിച്ച് ഉപയോഗശൂന്യമായ മരുന്നുകൾ ശേഖരിക്കും. കൂടാതെ പെർമനന്റ് കളക്ഷൻ സെന്ററുകൾ സ്ഥാപിക്കുകയും ഇവിടെ നീല നിറത്തിലുള്ള പെട്ടികളിൽ മരുന്നുകൾ നിക്ഷേപിക്കാവുന്നതുമാണ്. ക്ലിനിക്കുകളിൽ നിന്നും വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ള മരുന്നുകൾ മുൻകൂട്ടി നിശ്ചയിച്ച സ്ഥലങ്ങളിലെ ശേഖരണ കേന്ദ്രങ്ങളിൽ എത്തിക്കണം.
ഉപയോഗശൂന്യമായ മരുന്നുകളുടെ മലിനീകരണം നിരവധി പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനങ്ങൾ സൂചിപ്പിച്ചിട്ടുണ്ട്. അത്തരത്തിലുള്ള പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പദ്ധതി നിലവിൽ വന്നിരിക്കുന്നത്. ഹരിതകർമ്മ സേനാംഗങ്ങളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും സഹായത്തോടെയാണ് പദ്ധതി നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഈ മരുന്നുകൾ കേരള എൻവിയോ ഇൻഫാസ്ട്രക്ചർ ലിമിറ്റഡ് മാലിന്യ സംസ്കരണ പ്ലാന്റിൽ ശാസ്ത്രീയമായി ഇല്ലാതെയാക്കും.
