ഗൂഗിള്‍ പേയില്‍ ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിച്ച് ബില്‍ പേമെന്റുകള്‍ നടത്തുമ്പോൾ നിശ്ചിത തുക ഈടാക്കാന്‍ ആരംഭിക്കുകയാണ്. നിലവിൽ മൊബൈല്‍ റീച്ചാര്‍ജുകള്‍ ചെയ്യുമ്പോള്‍ കണ്‍വീനിയന്‍സ് ഫീ ഈടാക്കാറുണ്ട്. വെള്ളം, ഗ്യാസ്, വൈദ്യുതി ബില്‍ ഉള്‍പ്പടെയുള്ളവയുടെ ബില്‍ തുക അടക്കുമ്പോഴാണ് ജിഎസ്ടിയ്ക്ക് പുറമെ ഗൂഗിള്‍ പേ അധിക തുക ഈടാക്കുന്നത്.
ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള ഇടപാടുകള്‍ക്ക് മാത്രമാണ് അധിക തുക ഈടാക്കുക. യുപിഐയുമായി ബന്ധിപ്പിച്ച അക്കൗണ്ടുകളില്‍ നിന്ന് നേരിട്ട് ബില്‍ പേമെന്റുകള്‍ നടത്തുമ്പോൾ ഈ തുക ബാധകമല്ല. നേരത്തെ ഇടപാടുകള്‍ക്ക് കമ്പനി വഹിച്ചിരുന്ന ചെലവുകള്‍ ഇപ്പോൾ ഉപഭോക്താക്കളിലേക്ക് മാറ്റുകയാണ് ലക്ഷ്യം. ബിൽ തുകയുടെ 0.5 മുതല്‍ 1 ശതമാനം വരെയാണ് നിരക്ക് ഈടാക്കുന്നത്. ജിഎസ്ടിയ്ക്ക് പുറമെയാണ് ഈ തുക പിടിക്കുക.
ഫോണ്‍പേ, പേടിഎം പോലെയുള്ള പ്ലാറ്റ്ഫോമുകളിലും ബില്‍ പേയ്മെന്റുകള്‍, റീച്ചാര്‍ജുകള്‍, മറ്റ് സേവനങ്ങള്‍ എന്നിവയ്ക്കും സമാനമായ രീതിയില്‍ ഫീസ് ഈടാക്കുന്നുണ്ട്. നിരക്കുകൾ ഈടാക്കുന്നുണ്ടെകിലും യുപിഐ ഇടപാടുകളുടെ ഉപയോഗം കൂടിക്കൊണ്ടിരിക്കുകയാണ്.