മുൻഗണനേതര വിഭാഗത്തിലുള്ള നീല, വെള്ള കാർഡുടമകൾക്ക് സബ്സിഡിയിനത്തിൽ നൽകുന്ന റേഷനരിവില കൂട്ടണമെന്ന് സർക്കാർ സമിതിയുടെ ശുപാർശ. ഇപ്പോൾ ഒരു കിലോഗ്രാം അരിക്ക് നാലുരൂപയാണ്, ഇത് ആറുരൂപയായി വർധിപ്പിക്കണമെന്നാണ് സമിതിയുടെ ആവശ്യം. സർക്കാർ 8.30 രൂപയ്ക്ക് വാങ്ങുന്ന അരിക്കാണ് സബ്സിഡി നൽകി വിതരണം ചെയ്യുന്നത്. വില വർധന നടപ്പിലാക്കിയാൽ മാസം 3.14 കോടിരൂപ അധികം കണ്ടെത്താനാവുമെന്ന് സർക്കാർ സമിതി പറയുന്നു.
സബ്സിഡിയുള്ള നീല, വെള്ള കാർഡുടമകൾക്കും സബ്സിഡിയില്ലാത്ത മുൻഗണനേതര കാർഡുടമകൾക്കും അരി വിതരണംചെയ്യാൻ കേന്ദ്രസർക്കാർ ഒരു സഹായവും നൽകാത്തതിനെ തുടർന്നാണ് സർക്കാർ സമിതിയുടെ ഈ ശുപാർശ. അരി വില കൂട്ടിയാൽ ഒരു ഭാഗം വ്യാപാരികളുടെ വേതനം കൂട്ടാനും ക്ഷേമനിധി ശക്തിപ്പെടുത്താനും തീരുമാനിക്കുമെന്ന് സമിതി ശുപാർശ ചെയ്തു. നാലായിരത്തോളം റേഷൻ കടകൾ പൂട്ടുന്നതിനെതിരെ വ്യാപാരികൾ രംഗത്തുവന്നതിനാൽ ചർച്ചനടത്തുമെന്ന് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു.
കൂടാതെ മുൻഗണനേതര വിഭാഗത്തിലുള്ള റേഷൻ കാർഡുടമകളിൽ നിന്നും മാസം ഒരു രൂപ വീതം സെസ് പിരിക്കാൻ ഭക്ഷ്യപൊതുവിതരണ വകുപ്പ് ആലോചിക്കുന്നുണ്ട്. റേഷൻ വ്യാപാരി ക്ഷേമനിധിയിലേക്ക് പണം കണ്ടെത്താനായി ഒരു വർഷത്തേക്കാകും ആദ്യഘട്ടത്തിലെ പിരിവ്. മന്ത്രിസഭ അംഗീകരിച്ചാൽ അടുത്ത സാമ്പത്തിക വർഷം മുതൽ ഇത് ആരംഭിക്കും. റേഷൻകടകളുടെ പ്രവർത്തനസമയം പുനഃക്രമീകരിക്കണമെന്നും ശുപാർശയുണ്ട്.
