2025-2026-ലെ ഇന്ത്യൻ ആർമിയുടെ അഗ്നിവീർ തിരഞ്ഞെടുപ്പിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു. വനിതകൾക്കും അപേക്ഷിക്കാൻ സാധിക്കും. അവിവാഹിതരായ പുരുഷന്മാർക്കോ വനിതകൾക്കോ അപേക്ഷിക്കാൻ കഴിയും. പതിനേഴര വയസ്സിനും ഇരുപത്തിയൊന്ന് വയസ്സിനും ഇടയിൽ ഉള്ളവർക്കാണ് അവസരം.
അഗ്നിവീർ ജനറൽ ഡ്യൂട്ടി, അഗ്നിവീർ ടെക്നിക്കൽ, അഗ്നിവീർ ക്ലാർക്ക്/ സ്റ്റോർകീപ്പർ ടെക്നീഷ്യൻ, അഗ്നിവീർ ട്രേഡ്സ്മാൻ, എന്നീ വിഭാഗങ്ങളിലേക്കാണ് പുരുഷന്മാരെ തിരഞ്ഞെടുക്കുക. വനിതകളെ വിമെൻ മിലിട്ടറി പോലീസിലെ ജനറൽ ഡ്യൂട്ടി വിഭാഗത്തിലേക്കാണ് തിരഞ്ഞെടുക്കുക. അപേക്ഷ സമർപ്പിക്കാനുള്ള അവസാനതീയതി ഏപ്രിൽ 10 ആണ്. 2025 ജൂണിലായിരിക്കും പരീക്ഷ ആരംഭിക്കുക.
വനിതകൾക്ക് ഓൺലൈനായുള്ള കംപ്യൂട്ടർ അധിഷ്ഠിത എഴുത്തുപരീക്ഷയും അതിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് റിക്രൂട്ട്മെൻ്റ് റാലിയുമുണ്ടാവും. ഇന്ത്യൻ ആർമിയുടെ വെബ്സൈറ്റായ www.joinindianarmy.nic.in ൽ ലോഗിൻ ചെയ്താൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങളും വെബ്സൈറ്റിൽ ലഭ്യമാക്കും.
