തമിഴ്നാട്ടിലെ തിരുവാരൂർ ജില്ലയിലെ പൂന്തോട്ടത്തിനടുത്തുള്ള അയ്യമ്പേട്ടൈയിൽ സ്ഥിതി ചെയ്യുന്ന പുരാതനമായ ശിവ ക്ഷേത്രമാണ് ശ്രീ മീനാക്ഷി സമേത സുന്ദരേശ്വരർ ക്ഷേത്രം / അയ്യമ്പേട്ടൈ സുന്ദരേശ്വരർ ക്ഷേത്രം. പുതിയ ബിസിനസ്സ് തുടങ്ങാൻ ആഗ്രഹിക്കുന്നവരും ബിസിനസ്സിൽ നഷ്ടവും ഉയർച്ചയുമില്ലാതെ ഭാരപ്പെടുന്നവരും പരമശിവന്റെയും പാർവ്വതി ദേവിയുടെയും അനുഗ്രഹം നേടാനായി ഈ ക്ഷേത്രത്തിൽ വന്ന് പ്രാർത്ഥിക്കുകയും ഇവരെ പ്രീതിപ്പെടുത്തുവാനായി വഴിപാടുകൾ നടത്തുകയും ചെയ്യുന്നു. ഇങ്ങനെ ചെയ്യുന്നതിലൂടെ ബിസിനസ്സിൽ വളരെ ലാഭം നേടാനും അഭിവൃദ്ധി പ്രാപിക്കാനും കഴിയുമെന്നുള്ളതാണ് വിശ്വാസം. ഈ ക്ഷേത്രത്തിന് പിന്നിൽ വളരെ രസകരമായ ഐതിഹ്യമുണ്ടെന്നും പറയപ്പെടുന്നു. ഹിന്ദു പുരാണപ്രകാരം ഒരിക്കൽ ഭക്ഷണത്തിന്റെ അഭാവം മൂലം കടുത്ത പട്ടിണി നേരിട്ട സാഹചര്യത്തിൽ തിരുനാവുക്കരർ, തിരുജ്ഞാനസംബന്ധർ എന്നീ രണ്ടു നായന്മാർ തിരുവീഴിമിഴലൈ എന്ന സ്ഥലത്ത് ശിവനെ പ്രാർത്ഥിച്ചു. ആ സമയം ശിവൻ അവരെ അനുഗ്രഹിച്ചുകൊണ്ട് ദിവസവും രണ്ട് സ്വർണ നാണയങ്ങൾ നൽകിയിരുന്നു, എന്നാൽ ആ നാണയങ്ങൾ കൊടുത്ത് ഭക്ഷണസാധനങ്ങൾ എവിടെ നിന്ന് വാങ്ങണമെന്ന് അവർക്കറിയാത്തതിനാൽ ശിവൻ അവർക്കുമുന്നിൽ നേരിട്ട് പ്രത്യക്ഷനാവുകയും അയ്യമ്പേട്ടൈ എന്ന സ്ഥലത്ത് നിന്ന് ഭക്ഷണസാധനങ്ങൾ വാങ്ങാൻ നിർദ്ദേശിക്കുകയും ഉണ്ടായി. അങ്ങനെ അയ്യമ്പേട്ടൈയിൽ എത്തിയ നായന്മാർ കാണുന്നത് ശിവനും പാർവ്വതി ദേവിയും പലചരക്ക് സാധനം വിൽക്കുന്ന കാഴ്ചയാണ്. ആ കാഴ്ച ശരിക്കും അവരെ അത്ഭുതപ്പെടുത്തുകയുണ്ടായി. പരമശിവനെ തുലാഭാരത്തോടും ദേവിയെ അളവുപാത്രത്തോടും കൂടി കാണപ്പെട്ടുവെന്നാണ് പറയപ്പെടുന്നത്. ഭഗവാൻ തന്നെ ഇവിടെ കച്ചവടം നടത്തിയതിനാൽ ഇവിടം അയ്യമ്പേട്ടൈ എന്ന് അറിയപ്പെടുന്നു. എല്ലാ വർഷവും ചിത്തിര മാസത്തിൽ ബിസിനസ്സ് ഫെസ്റ്റിവൽ നടത്തുന്ന ഒരു ക്ഷേത്രം കൂടിയാണിത്. ആ ദിവസങ്ങളിൽ അനേകം ഭക്തർ കടന്നു വന്ന് തങ്ങളുടെ ബിസിനസ്സിന്റെ വളർച്ചക്കും ലാഭത്തിനുമായി പ്രാർത്ഥിക്കുമ്പോൾ ഭഗവാൻ തന്റെ ഭക്തരെ കച്ചവടക്കാരന്റെ രൂപത്തിൽ അനുഗഹിക്കുന്നതായും വിശ്വസിക്കപ്പെടുന്നു.
Highlight : A must visit temple for succeeding in Business