മലയാളികളുടെ പ്രിയ നടൻ ഇന്ദ്രൻസ് ഏഴാം ക്ലാസ് തുല്യതാ പരീക്ഷയിൽ 59.4 % മാർക്കോടെ വിജയം നേടി. ആദ്യ ശ്രമത്തിൽ തന്നെ ഏഴാം ക്ലാസ് കടമ്പ കടന്നിരിക്കുകയാണ് നടൻ. തന്റെ അറുപത്തിയെട്ടാം വയസിലാണ് മലയാളി താരം ഏഴാം ക്ലാസ് പരീക്ഷ എഴുതി വിജയിച്ചത് എന്ന പ്രത്യേകത കൂടിയുണ്ട്. വെള്ളിയാഴ്ച ഉച്ചയോടെ ഫലം വന്നപ്പോൾ അദ്ദേഹം വയനാട്ടിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ ആയിരുന്നു. പരീക്ഷയിൽ നേടിയ വിജയം വിളിച്ചറിയിച്ചത് സുഹൃത്തുക്കളാണ്. നവകേരള സദസ്സിന്റെ വേദിയിലാണ് തനിക്ക് തുടർന്ന് പടിക്കണമെന്നുള്ള ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചത്.
സംസ്ഥാന സാക്ഷരതാ മിഷന്റെ ഏഴാം ക്ലാസ് തുല്യതാ പരീക്ഷയിൽ 500ൽ 297 മാർക്കോടെയാണ് അദ്ദേഹം വിജയം നേടിയത്. മലയാളം 55, ഇംഗ്ലീഷ് 28, ഹിന്ദി 34, ഗണിതശാസ്ത്രം 52, അടിസ്ഥാനശാസ്ത്രം 62, സാമൂഹ്യശാസ്ത്രം 66, എന്നിങ്ങനെയാണ് ഇന്ദ്രൻസ് നേടിയ മാർക്കുകൾ. ഭാര്യയും മക്കളും സുഹൃത്തുക്കളും ഒരുപോലെ തന്നെ പരീക്ഷയിൽ പഠിക്കാൻ സഹായിച്ചിട്ടുണ്ടെന്നും ഷൂട്ടിങ്ങിന്റെ ഒഴിവുസമയങ്ങളിൽ താൻ പഠിക്കാനായി സമയം വേർതിരിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. അട്ടക്കുളങ്ങര സെൻട്രൽ സ്കൂളിലാണ് ഇന്ദ്രൻസ് പരീക്ഷ എഴുതിയത്. 1604 ഉദ്യോഗാർത്ഥികൾ ഏഴാം ക്ലാസ് തുല്യതാ പരീക്ഷ എഴുതിയതിൽ 1007 ഉദ്യോഗാർത്ഥികൾ വിജയിച്ചു. 396 പുരുഷന്മാരും 611 സ്ത്രീകളുമാണ് പരീക്ഷയിൽ ജയിച്ചത്.
ഇന്ദ്രൻസ് വിജയിച്ചു എന്നാണ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി സാമൂഹ്യ മാധ്യമത്തിൽ വ്യക്തമാക്കിയത്. ശ്രീ. ഇന്ദ്രൻസിനും ഒപ്പം വിജയിച്ച 1483 പേർക്കും മന്ത്രി അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു. ഇനി പത്താം ക്ലാസ് എന്ന കടമ്പ കടക്കാൻ താൻ ആഗ്രഹിക്കുന്നുണ്ടെന്നും അതിനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ശില്പ സുദർശൻ
Highlight : Actor indrans passed seventh standard equivalency exam 2024