ഇന്ത്യയിൽ ആകമാനം ക്യാൻസർ കേസ്സുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ നമ്മൾ മനസ്സിലാക്കിയിരിക്കേണ്ട ചില അടിസ്ഥാന കാര്യങ്ങളുണ്ട്. അവയെപ്പറ്റിയുള്ള ധാരണയുണ്ടെങ്കിൽ ക്യാൻസർ രോഗം മൂർച്ഛിക്കുന്നതിന് മുൻപേ ചികിത്സ കൊണ്ട് രോഗം ഭേദമാക്കാൻ സാധിക്കും. ക്യാൻസർ രോഗത്തിന്റെ തുടക്കം എങ്ങനെയാണ് നമ്മുടെ ശരീരത്തിൽ തിരിച്ചറിയാൻ കഴിയുക എന്നുള്ളതാണ് ആദ്യ ഘട്ടം. അതിനുവേണ്ടി നമ്മൾ നമ്മുടെ ശരീരത്തിലുണ്ടാകുന്ന ചെറിയ ചെറിയ മാറ്റങ്ങൾ കണ്ടെത്തുക. ആരോഗ്യത്തിലെ ചില സൂക്ഷ്മമായ മാറ്റങ്ങൾ അവഗണിക്കുന്നതാണ് നമ്മുടെയെല്ലാം പ്രധാന പ്രശ്നം. ചെറിയ മാറ്റങ്ങൾ ശ്രദ്ധിക്കാതെ പോകുന്നതിലൂടെ വലിയ പ്രശ്നങ്ങൾ ജീവിതത്തിൽ നേരിടേണ്ടി വരുന്നു.
നിങ്ങളുടെ ശരീരത്തിൽ ഇതുവരെ അനുഭവപ്പെടാത്ത ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കിൽ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. ആ ക്ഷീണം എല്ലാ ദിവസവും നിങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്നതായി തോന്നിയാൽ ഉടൻ തന്നെ ഒരു ഡോക്ടറെ കൺസൾട് ചെയ്യുക. എന്തുകൊണ്ട് ഇങ്ങനെ ക്ഷീണം ഉണ്ടാകുന്നു എന്ന് കണ്ടെത്തേണ്ടത് ആവശ്യമാണ്. നിങ്ങൾ വ്യായാമം ചെയ്തോ ആഹാരക്രമത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയോ ശരീരഭാരം കുറക്കാതെ നിങ്ങളുടെ ഭാരം കുറയുന്നതായി കണ്ടെത്തിയാൽ ശ്രദ്ധിക്കേണ്ടതുണ്ട്. എന്തുകൊണ്ട് ശരീരഭാരം കുറയുന്നു എന്നുള്ളത് കണ്ടെത്തി ചികിത്സ നേടേണ്ടതുണ്ട്. ശരീരത്തിൽ പെട്ടെന്നുണ്ടാകുന്ന മുഴകൾ നീർവീക്കങ്ങൾ തുടങ്ങിയ ശാരീരിക മാറ്റങ്ങൾ സ്ഥിരമായി തുടർന്നാൽ അവ രോഗലക്ഷണമായി കണക്കിലെടുത്തു രോഗനിർണയം നടത്തി ചികിത്സ തേടണം.
ശരീരം അയക്കുന്ന ചില സിഗ്നലുകളാണ് ഇത്തരം ലക്ഷണങ്ങൾ. അസാധാരണമായ രക്തസ്രാവം, മലബന്ധം, വയറിളക്കം, പതിവായ ദഹനക്കേട്, ആഹാരം കഴിക്കുമ്പോൾ ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട്, പരുക്കൻ ശബ്ദം തുടങ്ങിയ ലക്ഷങ്ങൾ കാണുമ്പോൾ അവയെ അവഗണിക്കാൻ തയ്യാറാകരുത്. ചർമത്തിൽ പെട്ടന്ന് വരുന്ന മാറ്റങ്ങൾ സൂക്ഷമമായി നിരീക്ഷിക്കണം. ചർമ്മത്തിലുണ്ടാകുന്ന മറുകുകളും ചർമ വളർച്ചയും ചർമ്മ (സ്കിൻ) ക്യാൻസറിന് കാരണമായേക്കാം. ഇങ്ങനെയുള്ള രോഗലക്ഷണങ്ങളെ നേരത്തെ തിരിച്ചറിയുകയും നിരീക്ഷിക്കുകയും ചെയ്ത് സമയബന്ധിതമായി തീരുമാനം എടുക്കുകയും ചെയ്യുന്നത് ഉചിതമായിരിക്കും. നമ്മൾ ചെറുതായി കാണുന്ന പല ലക്ഷണങ്ങളും ദിവസവും നമ്മുടെ ശരീരത്തെ കാർന്ന് തിന്നുന്നുണ്ടാകും. രോഗനിർണയത്തിനായി ഡോക്ടറെ കാണുന്നതിനോ ചികിത്സ നേടുന്നതിനോ മടി കാണിക്കാതെ ഇരുന്നാൽ ജീവൻ അപകടത്തിലാകാതെ തടയാൻ സാധിക്കും.
ശില്പ സുദർശൻ
Highlight : Cancer is a group of serious diseases that are caused by genetic changes in your cells.