രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖലാ ബാങ്ക് ആയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (sbi) രാജ്യത്തെ വനിതാ സംരംഭകർക്കായി പുതിയ വായ്പാ പദ്ധതി ആരംഭിച്ചു. അസ്മിത എന്നാണ് പദ്ധതിയുടെ പേര്. ഈ പദ്ധതി പ്രകാരം സ്ത്രീകള്‍ക്ക് ഈട് രഹിത വായ്പ ലഭിക്കും. കൂടാതെ കുറഞ്ഞ പലിശയാണ് വായ്പയുടെ മറ്റൊരു പ്രത്യേകത.
ഈ വനിതാ ദിനത്തിലാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പദ്ധതി അവതരിപ്പിച്ചത്. ഇതിലൂടെ സ്ത്രീകള്‍ക്ക് ബിസിനസ്സ് വികസനം ലളിതമായി നടപ്പാക്കാൻ സാധിക്കും. സ്ത്രീകള്‍ക്ക് ബിസിനസ്സ് വായ്പകള്‍ എടുക്കുന്നതില്‍ താല്‍പ്പര്യം കുറവാണെന്ന് ട്രാന്‍സ് യൂണിയന് സിബില്‍ റിപ്പോട്ടിൻറെ അടിസ്ഥാനത്തിലാണ് അസ്മിത ആരംഭിച്ചത്. സ്ത്രീകള്‍ കൂടുതലും വ്യക്തിഗത അല്ലെങ്കില്‍ ഉപഭോഗ ആവശ്യങ്ങള്‍ക്കായാണ് പല വായ്പ എടുക്കുന്നത്.
സ്ത്രീകൾക്ക് അതിവേഗത്തിലും, ലളിതമായും വായ്പ ലഭിക്കാൻ പുതിയ പദ്ധതി സഹായകമായിരിക്കുമെന്ന് എസ്.ബി.ഐ ചെയർമാൻ സി.എസ് ഷെട്ടി പറഞ്ഞു. സ്ത്രീകള്‍ നയിക്കുന്ന സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ യൂണിറ്റുകള്‍ക്ക് ഇതിലൂടെ ലളിതമായും വായ്പ ലഭിക്കും. ഡിജിറ്റല്‍ മാർഗങ്ങളിലൂടെയാണ് ഈ വായ്പ അപേക്ഷിക്കാൻ സാധിക്കുക. ബിസിനസ്സ് ആവശ്യകതകളെ അടിസ്ഥാനമാക്കിയായിരിക്കും വായ്പ പരിധി നിശ്ചയിക്കുന്നത്.
