ഏപ്രിൽ ഒന്ന് മുതൽ വൈദ്യുതി നിരക്ക് വർധിപ്പിക്കും. യൂണിറ്റിന് ശരാശരി 12 പൈസയുടെ വർധനയാണ് നടപ്പിലാക്കുക. രണ്ടുതരത്തിലുള്ള നിരക്കു വർധനയാണ് വൈദ്യുതി ബോർഡ് നടപ്പിലാകുന്നത്.
കഴിഞ്ഞ ഡിസംബറിൽ വൈദ്യുതി ചാർജ് കൂട്ടിയപ്പോൾ തന്നെ 2025 ഏപ്രിൽ മുതൽ യൂണിറ്റിന് 12 പൈസയുടെ വർധനാവുണ്ടാകുമെന്ന് റെഗുലേറ്ററി കമ്മീഷൻ പ്രഖ്യാപിച്ചിരുന്നു. വൈദ്യുതി ചാർജിനൊപ്പം ഫിക്സഡ് ചാർജും വർധിക്കും. കൂടാതെ മാസം 250 യൂണിറ്റിൽ കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്നവർക്ക് വൈകിട്ട് ആറുമണി മുതൽ രാത്രി പത്തുമണി വരെ 25 ശതമാനം കൂടിയ വില ഏപ്രിൽ മുതൽ തന്നെ ഈടാക്കാനുള്ള നീക്കത്തിലുമാണ് കെഎസ്ഇബി.
പ്രതിമാസം 40 മുതൽ 50 വരെ യൂനിറ്റ് ഉപേയോഗിക്കുന്നവർക്ക് സിംഗിൾ ഫേസ് കണക്ഷന്റെ ഫിക്സഡ് ചാർജ് 45 ൽ നിന്ന് 50 രൂപയായി ഉയരും. ത്രീ ഫേസിന്റേത് 120 രൂപയിൽ നിന്ന് 130 രൂപയായും ഉയരും. പുതുക്കിയ വ്യവസ്ഥ അനുസരിച്ച് സിംഗിൾ ഫേസ് കണക്ഷൻ ഉള്ളവർക്കും ‘ടിഒഡി’ ബാധകമാകുമെന്ന് റെഗുലേറ്ററി കമ്മീഷൻ പറഞ്ഞു.
