സംസ്ഥാനത്തെ അസംഘടിത മേഖല തൊഴിലാളികളെ പൂർണമായി ഇൻഷുറൻസ് പരിരക്ഷയിൽ ഉൾപ്പെടുത്തുവാൻ തപാൽ വകുപ്പ് ലക്ഷ്യമിടുന്നു. തപാൽ വകുപ്പിന്റെ ബാങ്ക് ആയ ഇന്ത്യ പോസ്റ്റ് പെയ്മെന്റ് ബാങ്കാണ് ഈ പദ്ധതി നടപ്പിലാകുന്നത്. “ഏവർക്കും ഇൻഷുറൻസ് പരിരക്ഷ” എന്ന ലക്ഷ്യത്തോടെയുള്ള “മഹാസുരക്ഷ ഡ്രൈവ്” എന്ന പദ്ധതി സംസ്ഥാനമൊട്ടാകെ നടക്കുന്നുണ്ട്.
1000 രൂപയിൽ താഴെ ഉള്ള വാർഷിക പ്രീമിയത്തിൽ 15 ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ നൽകുന്ന ടോപ് അപ്പ് പ്ലാൻ ഈ പദ്ധതിയുടെ ഭാഗമാണ്. കൂടാതെ 3 ലക്ഷം രൂപയുടെ കാൻസർ കെയർ പ്ലാനും, 15 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പ്ലാനും ലഭ്യമാണ്. വ്യക്തിഗത ആരോഗ്യ ഇൻഷുറൻസും ഈ ഡ്രൈവിന്റെ ഭാഗമാണ്.
ഇന്ത്യയിലെ അസംഘടിത തൊഴിലാളികളുടെ സാമ്പത്തിക ശാക്തീകരണം ഉറപ്പു വരുത്തുന്നതിനായി 10 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷ നൽകുന്ന പദ്ധതിയാണ് അന്ത്യോദയ ശ്രമിക് സുരക്ഷാ യോജന. ഇതിലൂടെ സംസ്ഥാനത്തെ തൊഴിലുറപ്പ് ഉൾപ്പെടെയുള്ള അസംഘടിത
മേഖലയിൽ തൊഴിൽ ചെയ്യുന്നവരുടെ ഇൻഷുറൻസ് പരിരക്ഷ ഉറപ്പ് വരുത്തുവാൻ സാധിക്കും.ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് അക്കൗണ്ട് ഉള്ളവർക്ക് മാത്രമാണ് ഈ പദ്ധതികളിൽ ചേരാൻ സാധ്യമാകുക. പുതുതായി ചേരാൻ ആഗ്രഹിക്കുന്നവർ പോസ്റ്റ് ഓഫീസ്/IPPB ഏജന്റ് വഴി അക്കൗണ്ട് തുറക്കാവുന്നതാണ്.