2025 അദ്ധ്യയന വർഷത്തെ കീം പ്രവേശന പരീക്ഷയുടെ അപേക്ഷ സമർപ്പിക്കാം. എഞ്ചിനീയറിംഗ്, ആർക്കിടെക്ചർ, ഫാർമസി,മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്ക് പ്രവേശനം ആഗ്രഹിക്കുന്ന യോഗ്യരായ വിദ്യാർത്ഥികൾക്കുള്ള പ്രവേശന പരീക്ഷായാണ് കീം. www.cee.kerala.gov.in വെബ്സൈറ്റിലെ ‘KEAM 2025 Online Application’ എന്ന ലിങ്ക് മുഖേന മാർച്ച് 10 വൈകുന്നേരം 5 മണിവരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ സാധിക്കും.
അപേക്ഷയോടൊപ്പം, അപേക്ഷകരുടെ എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ സർട്ടിഫിക്കറ്റ്, ജനന തീയതി, നാഷണാലിറ്റി, നേറ്റിവിറ്റി തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ ഫോട്ടോ, ഒപ്പ് എന്നിവ സമർപ്പിക്കണം. വിവിധ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, മറ്റ് അനുബന്ധ രേഖകൾ എന്നിവ അപ്ലോഡ് ചെയ്യുന്നതിന് മാർച്ച് 15 വൈകുന്നേരം 5 മണിവരെ അവസരം ഉണ്ടായിരിക്കുന്നതാണ്. അപേക്ഷകൻ ഏതെങ്കിലും ഒരു കോഴ്സിനോ, എല്ലാ കോഴ്സുകളിലേക്കുമോ ഉള്ള പ്രവേശനത്തിന് ഒരു ഓൺലൈൻ അപേക്ഷ മാത്രമേ സമർപ്പിക്കാൻ പാടുള്ളു.
കേരളത്തിലെ ആർക്കിടെക്ചർ കോഴ്സിൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ, വെബ്സൈറ്റിലെ ‘KEAM 2025 Online Application’ എന്ന ലിങ്ക് മുഖേന അപേക്ഷ സമർപ്പിക്കേണ്ടതാണ്. പ്രവേശനം സംബന്ധിച്ച വിശദമായ വിജ്ഞാപനം പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
