ചരിത്രപ്രധാനമായ സ്ഥലങ്ങൾ ഇഷ്ടപ്പെടുന്നവർ തീർച്ചയായും പോയിരിക്കേണ്ട സ്ഥലമാണ് കൊണാർക്ക് സൂര്യ ക്ഷേത്രം. ഒഡീഷയിലെ പുരി ജില്ലയിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. പതിമൂന്നാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഒരു ഹൈന്ദവ ക്ഷേത്രമാണ് കൊണാർക്ക്. സൂര്യദേവനാണ് ഇവിടത്തെ ആരാധന മൂർത്തി. വ്യത്യസ്തമാർന്ന വാസ്തു ശിൽപ്പം കൊണ്ട് വിസ്മയിപ്പിക്കുന്ന തരത്തിലാണ് ഈ ക്ഷേത്രം നിർമിച്ചിട്ടുള്ളത്. ഒഡീഷയിലെ പുരി നഗരത്തിൽ നിന്ന് ഏകദേശം 35 കിലോമീറ്റർ അകലെയാണ് സൂര്യക്ഷേത്രം ഉള്ളത്.
പതിമൂന്നാം നൂറ്റാണ്ടിൽ നരസിംഹദേവൻ ഒന്നാമൻ എന്ന ഗാംഗേയ രാജാവാണ് ഈ ക്ഷേത്രം പണി കഴിപ്പിച്ചത്. ഈ ക്ഷേത്രം ഇന്ത്യയിലെ സപ്താത്ഭുതങ്ങളിൽ ഒന്നായി കാണാക്കപ്പെടുന്നു. കല്ലുകൾ കൊണ്ടുള്ള ഒരു ആശയവിനിമയമാണ് ഇവിടെ ഉള്ളത്. ലോകത്തിലെ വാസ്തുവിദ്യയുടെ അതിശയകരമായ സ്മാരകങ്ങളിലൊന്നാണ് കൊണാർക്ക്. ഏഴ് കുതിരകൾ വലിക്കുന്നതും വിസ്മയിപ്പിക്കുന്നതുമായ ഒരു രഥത്തിന്റെ രൂപത്തിലാണ് ഈ ക്ഷേത്രത്തിൻ്റെ നിർമ്മാണം. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ഈ ക്ഷേത്രം കാണുവാൻ ധാരാളമാളുകളാണ് വരുന്നത്.
നാവികർ അടയാളമായി കണ്ടിരുന്ന സ്ഥലം ആയിരുന്നു ഇവിടം. വിദേശ നാവികർ ഈ ക്ഷേത്രത്തെ കറുത്ത പഗോഡ എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. ഭാരതത്തിൻ്റെ തനതായ പൈതൃകത്തിൻ്റെയും പാരമ്പര്യത്തിൻ്റെയും അടയാളം കൂടിയാണ് ഈ സൂര്യ ക്ഷേത്രം. യാത്രകളെ സ്നേഹിക്കുന്ന എല്ലാരും കണ്ടിരിക്കേണ്ട ഇടമാണ് കൊണാർക്ക് സൂര്യ ക്ഷേത്രം.
