കേരളത്തിലെ തിരുവനന്തപുരം ജില്ലയിലുള്ള ലോഗാന്തര പ്രസിദ്ധിയാര്‍ജ്ജിച്ച കടല്‍ത്തീരമാണ് കോവളം. കോവളത്തിനു ചുറ്റുമായി ധാരാളം കടൽപ്പുറങ്ങളും വിശ്രമ സങ്കേതങ്ങളും ഉണ്ട്. പ്രധാന തീരം കൂടാതെ ചന്ദ്രക്കല ആകൃതിയില്‍ മൂന്ന് തീരങ്ങളുണ്ട്. നീന്തലും, വെയിൽ കായലും, ആയുര്‍വേദ സൗന്ദര്യ സംരക്ഷണവും, കടല്‍യാത്രയും തുടങ്ങി ധാരാളം സാധ്യതകൾ ഇവിടെയുണ്ട്. വിവിധനിരക്കിലുളള ആയുര്‍വേദ ചികിത്സാ കേന്ദ്രങ്ങള്‍, നീന്തല്‍ക്കുളങ്ങള്‍, യോഗ, ആയുര്‍വ്വേദ തിരുമ്മല്‍ കേന്ദ്രങ്ങള്‍, റിസോര്‍ട്ടുകള്‍ എന്നിവ കോവളത്ത് വിനോദസഞ്ചാരികള്‍ക്ക് ലഭ്യമാകുന്നതാണ്. കോവളം സന്ദർശിക്കുവാനുള്ള ഏറ്റവും നല്ല സമയം നവംബർ മുതൽ മാർച്ച് വരെയുള്ള മാസങ്ങളാണ്.
തിരുവനന്തപുരം നഗരത്തിൽ നിന്നും ഏകദേശം 16 കിലോമീറ്റർ അകലെയാണ് കോവളം ബീച്ച് ഉള്ളത്. അടുത്തുളള റെയില്‍വേ സ്റ്റേഷന് തിരുവനന്തപുരം സെന്‍ട്രലും, എയർപോർട്ട് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളവുമാണ്. തിരുവനന്തപുരത്തെ പ്രധാന ബസ് സ്റ്റാൻറായ കിഴക്കേക്കോട്ട ബസ് സ്റ്റാൻറിൽ നിന്നും കോവളത്തിലേക്ക് എപ്പോഴും ബസ്സ് ലഭിക്കും. കിഴക്കേക്കോട്ട ബസ് സ്റ്റാൻറ് കോവളത്തിന് 14 കിലോമീറ്റർ അകലെയാണ്.
ലൈറ്റ് ഹൗസ് ബീച്ച് , ഹവ്വ ബീച്ച്, സമുദ്ര ബീച്ച് എന്നിവയാണ് ഇവിടെയുള്ള 3 ബീച്ചുകൾ. ഇവിടുത്തെ പാറക്കെട്ടുകൾ ശാന്തമായ ഒരു ഉൾക്കടൽ സൃഷ്ടിക്കുന്നു. അതിനാൽ കുളിക്കുന്നതിന് അനുയോജ്യമായ സ്ഥലം കൂടിയാണ്. തെക്കേ അറ്റത്തുള്ള ബീച്ചായ ലൈറ്റ്ഹൗസ് ബീച്ചിന് സമീപം 118 അടി ഉയരമുള്ള വിഴിഞ്ഞം ലൈറ്റ്ഹൗസ് കൂടെയുണ്ട്. ഉയർന്ന പാറക്കെട്ടുകളും ഉൾക്കടലും അടങ്ങുന്ന ബീച്ചാണ് ഹവാ ബീച്ച്. ഇവിടെ
കൂടുതലായി പ്രാദേശിക മത്സ്യത്തൊഴിലാളികളെ കാണാം. സമുദ്ര ബീച്ചിലും മത്സ്യത്തൊഴിലാളികളെ കാണാൻ സാധിക്കും.
അവിസ്മരണീയമായ ഫോട്ടോഗ്രാഫുകൾക്ക് അനുയോജ്യമായ ഒരു പശ്ചാത്തലം കൂടെ ഇവിടെയുണ്ട്. കൂടാതെ തിരുവനന്തപുരത്ത് നേപ്പിയർ മ്യൂസിയം, ശ്രീ ചിത്ര ആർട്ട് ഗാലറി, പത്മനാഭ സ്വാമി ക്ഷേത്രം, പ്രിയദർശിനി പ്ലാനറ്റേറിയം, ആറ്റുകാൽ ഭഗവതി ക്ഷേത്രം, പൂവാർ ഐലൻഡ്, പത്മനാഭപുരം കൊട്ടാരം, കവടിയാർ കൊട്ടാരം, കിളിമാനൂർ കൊട്ടാരം തുടങ്ങിയ നിരവധി സ്ഥലങ്ങൾ കാണാനുണ്ട്. ബീച്ചുകൾ, ചരിത്ര സ്ഥലങ്ങൾ, സാംസ്കാരിക ആകർഷണങ്ങൾ എന്നിവയോട് സാമ്യമുള്ള വിഴിഞ്ഞത്തിന്റെ സ്ഥാനം കേരളത്തിന്റെ പൈതൃകം കാത്തു സൂക്ഷിക്കുന്നു.
