ദക്ഷിണ റെയിൽവേയുടെ ഭാഗമായ രാമനാഥപുരത്തെ പുതിയ പാമ്പൻ പാലം ട്രെയിൻ ഗതാഗത്തിന് തുറന്ന് കൊടുക്കുന്നതിന് മുൻപുള്ള പരീക്ഷയോട്ടം വിജയകരമായി പൂർത്തിയായി. റെയിൽവേ സുരക്ഷാ കമ്മീഷണറുടെ രണ്ടുദിവസത്തെ പരിശോധനയാണ് പൂർത്തിയായത്. മണ്ഡപം മുതൽ രാമേശ്വരം വരെയും തിരികെയുമാണ് പരീക്ഷണയോട്ടം നടത്തിയത്. മണിക്കൂറിൽ 30 കിലോമീറ്റർ, 45 കിലോമീറ്റർ, 60 കിലോമീറ്റർ വേഗതയിലാണ് ട്രെയിൻ സർവ്വീസുകൾ നടത്തിയത്. എൻജിൻ കൂടാതെ 7 കോച്ചുകൾ ഘടിപ്പിച്ച ട്രെയിന് ഉപയോഗിച്ചായിരുന്നു പരീക്ഷണയോട്ടം. സെൻസറുകളും മറ്റ് ഉപകരണങ്ങളും ഉപയോഗിച്ച് റെയിൽവേ അധികൃതർ പാലത്തിന്റെ പ്രവർത്തനം നിരീക്ഷിച്ചു. ദക്ഷിണ മേഖലാ റെയിൽവേ സുരക്ഷാ കമ്മീഷണർ എഎം ചൗധരിയുടെ മേൽനോട്ടത്തിലാണ് പാലത്തിലൂടെയുള്ള പരീക്ഷണയോട്ടം നടന്നത്.
ദീർഘനാളത്തെ കാത്തിരിപ്പിന് ശേഷം പുതുതായി നിർമ്മിച്ച പാലം ഉടൻ ഗതാഗതത്തിനായി തുറന്ന് കൊടുക്കും. രാവിലെ 10ന് ആരംഭിച്ച പരിശോധന വൈകിട്ട് അഞ്ചുവരെ നീണ്ടു. പഴയ റെയിൽവേ പാലത്തിന് 100 വർഷത്തിലേറെ പഴക്കമായതും കേടുപാടുകൾ സംഭവിക്കാൻ തുടങ്ങിയതോടെയുമാണ് പുതിയ പാലം നിർമ്മിക്കാൻ റെയിൽവേ തീരുമാനിച്ചത്. പഴയ പാലത്തിന് സമാന്തരമായാണ് പുതിയ പാലവും നിർമ്മിച്ചിട്ടുള്ളത്. ഇന്ത്യൻ എൻജിനിയറിങ് ചരിത്രത്തിലെ പുതിയ നാഴികക്കല്ലാണ് പുതിയ പാമ്പൻ പാലത്തിന്റെ നിർമ്മിതി. 535 കോടി രൂപ ചിലവിൽ നിർമ്മിച്ച പാലത്തിന് പതിനേഴ് മീറ്റർ ഉയരമുള്ള വെർട്ടിക്കൽ സസ്പെൻഷൻ ഉള്ളതാണ് ഈ പാലത്തിന്റെ സവിശേഷത. ബോട്ടുകൾക്ക് കടന്നുപോകാനായി ഇവ ലംബമായി ഉയർത്താനാകും. കപ്പലുകൾ കടന്ന് പോകുമ്പോൾ ഒരു ഭാഗം ലംബമായി ഉയരുന്ന ഇന്ത്യയിലെ ആദ്യത്തെ വെർട്ടിക്കൽ ലിഫ്റ്റ് കടൽപ്പാലമാണിത്. പഴയ പാലത്തേക്കാൾ 3 മീറ്റർ ഉയരത്തിലാണ് ഈ പാലം പണികഴിച്ചിട്ടുള്ളത്. പണി പൂർത്തിയായ സാഹചര്യത്തിൽ അടുത്ത മാസത്തോടെ പ്രധാന മന്ത്രി നരേന്ദ്ര മോദി പുതിയ പാമ്പൻ പാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ചേക്കും.
ശില്പ സുദർശൻ
Highlight : Load testing conducted on pamban railway bridge