ലോകത്തിലെ ഏറ്റവും വലിയ ഹൈന്ദവ തീർത്ഥാടന സംഗമത്തിനൊരുങ്ങി ഉത്തർപ്രദേശിലെ പ്രയാഗ്രാജ്. 12 വർഷത്തിൽ ഒരിക്കൽ നടക്കുന്ന കുംഭമേളക്കായി ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും തീർത്ഥാടകർ ഒഴുകിയെത്താറുണ്ട്. പുണ്യനദികളായ ഗംഗ, യമുന, സരസ്വതി എന്നീ നദികൾ സംഗമിക്കുന്ന ത്രിവേണി സംഗമത്തിലെ സ്നാനമാണ് കുംഭമേളയുടെ പ്രധാന ആകർഷണം. ഇങ്ങനെ ത്രിവേണി സംഗമത്തിൽ സ്നാനം ചെയ്യുന്നതിലൂടെ മോക്ഷം ലഭിക്കുമെന്നാണ് വിശ്വാസം. 2025 ജനുവരി 13ന് നടക്കുന്ന പൗഷ് പൗർണിമ സ്നാനത്തോടെയാണ് മഹാ കുംഭമേളയ്ക്ക് തുടക്കം. ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെയാണ് കുംഭമേള നടക്കുക. 45 ദിവസം നീണ്ടുനിൽക്കുന്ന കുംഭമേളക്ക് തിരശീല വീഴുന്നത് മഹാശിവരാത്രിയോടെയാണ്. ജനുവരി 13-ന് പൗഷ് പൂര്‍ണിമ, 14-ന് മകര സംക്രാന്തി, 29-ന് മൗനി അമാവാസി, ഫെബ്രുവരി 3-ന് വസന്ത പഞ്ചമി, 12-ന് മാഗി പൂര്‍ണിമ, 26-ന് മഹാശിവരാത്രി എന്നീ ദിവസങ്ങളിലാണ് ഇത്തവണത്തെ പ്രധാന സ്നാനങ്ങൾ നടക്കുക.
പുണ്യസ്നാനം കൂടാതെ ഭജന, യോഗാസനം, ധ്യാനം, ആത്മീയ പ്രഭാഷണം തുടങ്ങിയ ചടങ്ങുകളും കുംഭമേളയിലുണ്ടാകും. പ്രയാഗ് രാജില്‍ ഗംഗ, യമുന, പുരാണത്തിലെ അദൃശ്യനദി സരസ്വതി എന്നിവയുടെ സംഗമസ്ഥാനത്തും ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ ഗംഗയുടെ തീരത്തും മഹാരാഷ്ട്രയിലെ നാസിക്കിൽ ഗോദാവരിയുടെ തീരത്തും മധ്യപ്രദേശിലെ ഉജ്ജയിനിയില്‍ ഷിപ്രയുടെ തീരത്തും കുംഭമേള നടക്കാറുണ്ട്. ഓരോ ഇടങ്ങളിലും 12 വർഷത്തിൽ ഒരിക്കൽ മഹാ കുംഭമേളയും 6 വർഷത്തിലൊരിക്കൽ അർധകുംഭമേളയും നടക്കാറുണ്ട്. കഴിഞ്ഞ കുംഭമേള നടന്നത് 2013ൽ ആയിരുന്നു. 2019ൽ പ്രയാഗ്രാജിൽ ആറ് വർഷം കൂടുമ്പോൾ നടക്കുന്ന അർധ കുംഭമേള നടന്നിരുന്നു. മറ്റ് വിവരങ്ങള്‍ kumbh.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.
ശില്പ സുദർശൻ
Highlight : Maha kumbhamela 2025 at prayagraj after 12 years