മാരിയമ്മൻ അല്ലെങ്കിൽ സമയപുരത്താൾ എന്നറിയപ്പെടുന്ന ദുർഗ്ഗാ ദേവിക്ക് സമർപ്പിച്ചിരിക്കുന്ന ഒരു ഹിന്ദു ക്ഷേത്രമാണ് സമയപുരം മാരിയമ്മൻ ക്ഷേത്രം. തമിഴ്നാട്ടിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിലൊന്നാണ് സമയപുരം ക്ഷേത്രം. ട്രിച്ചി നഗരമധ്യത്തിൽ നിന്ന് 16.8 കിലോമീറ്റർ അകലെ സമയപുരം എന്നറിയപ്പെടുന്ന ട്രിച്ചിയിലെ സബർബൻ പ്രദേശത്താണ് ഈ പ്രസിദ്ധമായ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചിക്കൻ പോക്സും വസൂരിയും ഉള്ളവരെ രോഗത്തിൽ നിന്ന് വിടുവിക്കുമെന്നും ആശ്വാസം നൽകുമെന്നും ശക്തമായി വിശ്വസിക്കപ്പെടുന്നു. അതിനാൽ, രോഗബാധിതരായ ഭക്തർ അഭിഷേകത്തിനായി ദേവിക്ക് ഉപയോഗിക്കുന്ന പുണ്യജലം ശരീരത്തിൽ തളിക്കാറുണ്ട്. ഭക്തർ തങ്ങളുടെ രോഗശമനത്തിനായി ആവശ്യമുള്ള ശരീരഭാഗങ്ങളുടെ ചെറിയ ലോഹ മാതൃക വാങ്ങി സംഭാവനപ്പെട്ടിയിൽ ഇടുകയും ക്ഷേത്ര സമുച്ചയത്തിനുള്ളിൽ താമസിച്ച് അനുഗ്രഹങ്ങൾക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നു. ഈ വിഴിപാടിലൂടെ തങ്ങളുടെ രോഗം പൂർണമായി മാറുമെന്നും ഭക്തർ ശക്തമായി വിശ്വസിക്കപ്പെടുന്നു. ഇത്തരത്തിൽ രോഗശാന്തി നേടിയവർ അനേകരാണെന്നും പറയപ്പെടുന്നു. മണലും കളിമണ്ണും കൊണ്ടാണ് ഈ ക്ഷേത്രത്തിലെ ദേവിയുടെ പ്രതിഷ്ഠ നിർമ്മിച്ചിരിക്കുന്നത്. അതിനാൽ അഭിഷേകം നടത്താറില്ല. വർഷത്തിലെ എല്ലാ ഞായർ, ചൊവ്വ, വെള്ളി ദിവസങ്ങളിൽ ക്ഷേത്രത്തിൽ ഭക്തജനത്തിരക്ക് ഉണ്ടാകാറുണ്ട്. ഒരു തരത്തിൽ പറഞ്ഞാൽ, രോഗശാന്തിയുടെ പരമശക്തിയായി ദേവിയെ കണക്കാക്കുന്നതിനാൽ സമയപുരം മാരിയമ്മൻ ക്ഷേത്രത്തെ ‘പരിഹാര സ്ഥലം’ എന്നും അറിയപ്പെടുന്നു.