തമിഴ്നാട്ടിലെ കുംഭകോണത്ത് സ്ഥിതി ചെയ്യുന്ന വൈത്തീശ്വരൻ കോവിൽ ഏറെ പ്രശസ്തമാണ്. ഒരു തുണ്ട് താളിയോലയിൽ നിങ്ങളുടെ ജന്മരഹസ്യം എല്ലാം വർഷങ്ങൾക്ക് മുൻപ് എഴുതി വച്ചിട്ടുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ കഴിയുമോ? ഇത്തരത്തിൽ കേൾക്കുമ്പോൾ വിശ്വസിക്കാൻ കഴിയാത്ത വിശ്വാസങ്ങൾ കൊണ്ട് പ്രശസ്തമായി മാറിയ ഒരു ക്ഷേത്രമാണിത്. നൂറ്റാണ്ടുകൾക്ക് മുൻപ് താളിയോലകളിൽ തങ്ങളുടെ ഭൂതവും ഭാവിയും വർത്തമാനവുമെല്ലാം കൃത്യമായി അറിയാനായി എത്തുന്നവരുടെ വിശ്വാസം കൊണ്ടാണ് നാഡീജ്യോതിഷം വിശ്വാസികൾക്കിടയിൽ പ്രശസ്തമായത്. മഹായോഗികൾ ആയിരക്കണക്കിന് വർഷങ്ങൾ മുൻപ് ഇന്നുവരെ ജനിച്ചിട്ടുള്ളതും ഇനി ജനിക്കാൻ ഉള്ളതുമായവരുടെ ജാതകവും സകല വിവരങ്ങളും, മനുഷ്യ ജീവിതത്തിൽ അവർ അനുഭവിക്കുന്ന സകല പ്രശ്ങ്ങൾക്കുള്ള പരിഹാരവും ഇവിടത്തെ താളിയോലകളിൽ നിക്ഷിപ്തമാണ് എന്നുള്ളതാണ് വിശ്വാസം. എല്ലാവർക്കും ഇവിടെ വരാനും തങ്ങളുടെ വിവരങ്ങൾ അടങ്ങിയ താളിയോലകൾ കൈക്കലാക്കുവാനുമുള്ള ഭാഗ്യം വിധിയുള്ളവർക്കേ ലഭിക്കുകയുള്ളു എന്നാണ് ഇവിടത്തെ വിശ്വാസികൾ പറയുന്നത്. അസുഖങ്ങൾ സുഖപ്പെടുത്തുന്ന വൈദ്യനായി ശിവനെ ആരാധിക്കുന്ന സ്ഥലം കൂടിയാണ് വൈത്തീശ്വരൻ കോവിൽ. വൈത്തീശ്വരനോടുള്ള പ്രാർഥന എല്ലാ രോഗങ്ങളും സുഖപ്പെടുത്തും എന്നാണ് വിശ്വാസം. നവഗ്രഹ ക്ഷേത്രങ്ങളിൽ ഒന്നായ അംഗകാരൻ എന്നറിയപ്പെടുന്ന ചൊവ്വയുടെ ക്ഷേത്രം കൂടിയാണിത്. ചൊവ്വാ ഗ്രഹത്തിന് കുഷ്ഠരോഗം വന്നപ്പോൾ ഈ ക്ഷേത്രത്തിലെത്തി കുളിച്ചപ്പോൾ രോഗം പൂർണമായി സുഖപ്പെട്ടുവെന്നും പുരാണ കഥകളിൽ പറയുന്നു. ഈ ക്ഷേത്രക്കുളത്തിൽ മുങ്ങി കുളിച്ചാൽ സകലവിധ ത്വക്ക് രോഗങ്ങളും സുഖപ്പെടുമെന്നും വിശ്വസിക്കപ്പെടുന്നു.