ചെന്നൈയിലെ ബസൻ്റ് നഗർ ബീച്ചിൽ നിന്ന് ഏതാനും മീറ്റർ അകലെയാണ് പ്രശസ്തമായ ഈ ക്ഷേത്രമുള്ളത്. അഷ്ടമസിദ്ധിയും അഷ്ട ഐഷ്വര്യവും നൽകുന്ന ദേവതയാണ് അഷ്ടലക്ഷ്മി ദേവി. ഈ ക്ഷേത്രത്തിൽ മഹാവിഷ്ണുവും മഹാലക്ഷ്മിയും 8 വ്യത്യസ്ത രൂപങ്ങളിലാണ് വാഴുന്നത്. ശുദ്ധമായ ആത്മാവോടെ ആരാധിക്കുന്നവർക്ക് അറിവ്, ധനം, ആരോഗ്യം, സന്തതി, വിജയം, ധൈര്യം, ഭക്ഷണം, ആയുധം എന്നീ അഷ്ട ഐശ്വര്യങ്ങൾ തീർച്ചയായും പ്രാപ്തമാകുമെന്നാണ് വിശ്വാസം. ആദ്യ വേദ മന്ത്രമായ ഓമിൻ്റെ ആകൃതിയിൽ രൂപകൽപന ചെയ്തിട്ടുള്ളതിനാൽ അഷ്ടലക്ഷ്മി ക്ഷേത്രത്തെ ഓംകാരക്ഷേത്രം എന്നും വിളിക്കുന്നു. തമിഴ്നാടിൻ്റെ കിഴക്കൻ തീരത്തുള്ള ശ്രീ മഹാവിഷ്ണുവിൻ്റെ പത്നിയായ അഷ്ടലക്ഷ്മിക്ക് സമർപ്പിച്ചിരിക്കുന്ന ഏക ക്ഷേത്രമാണിത്. നാല് നിലകളിലായി മഹാവിഷ്ണുവിന്റെ വ്യത്യസ്തങ്ങളായ മൂന്ന് രൂപങ്ങളും മഹാലക്ഷ്മിയുടെ എട്ട് രൂപങ്ങൾക്കായി പ്രത്യേകം ശ്രീകോവിലുകളുമുണ്ട്. മഹാലക്ഷ്മിയും മഹാവിഷ്ണുവും കിഴക്ക് ബംഗാൾ ഉൾക്കടലിന് അഭിമുഖമായി നിൽക്കുന്ന രൂപം ഏഴടി ഉയരത്തിലാണ്. ആദിലക്ഷ്മിയെ ആരാധിക്കുന്നത്തിലൂടെ ദീർഘായുസ്സും ആരോഗ്യവും ഐശ്വര്യവും ലഭിക്കുന്നു, സമൃദ്ധമായ കാർഷിക വിളവ് ലഭിക്കാനായി ഭക്തർ ധാന്യ ലക്ഷ്മിയെ ആരാധിക്കുന്നു, ധൈര്യ ലക്ഷ്മിയെ ആരാധിക്കുന്നതിലൂടെ ഭക്തർക്ക് ജീവിതത്തിലെ പ്രതിസന്ധികളെ നേരിടാനും തരണം ചെയ്യാനുമുള്ള ധൈര്യവും ആത്മവിശ്വാസവും ലഭിക്കുന്നു. വിദ്യാലക്ഷ്മിയെ ആരാധിക്കുന്ന ഏവർക്കും അറിവും ജ്ഞാനവും ലഭിക്കുന്നു, വിജയലക്ഷ്മിയെ ആരാധിക്കുവർക്ക് ഉള്ളിലെ ഭയത്തെ മാറ്റിക്കൊണ്ട് വിജയം കൈവരിക്കാൻ സാധിക്കുന്നു, സന്താന ലക്ഷ്മിയെ ആരാധിക്കുന്നതിലൂടെ വിവാഹ പ്രായമയവർക്ക് സന്താനഭാഗ്യം ഉണ്ടാവുകയും ദാമ്പത്യ ജീവിതത്തിലെ പൊരുത്തക്കേടുകൾ ഇല്ലാതെയാവുകയും ചെയ്യുന്നു. ധനലക്ഷ്മിയെ ആരാധിക്കുന്നവർ സമ്പത്തും സമൃദ്ധിയും കൈവരിക്കുന്നതായും ഗജലക്ഷ്മിയെ ആരാധിക്കുന്നവർക്ക് കുടുംബത്തിൽ ഐശ്വര്യം വർധിക്കുന്നതായും വിശ്വസിക്കപ്പെടുന്നു.
Highlight : The temple offers a peaceful atmosphere and stunning views of the bay of Bengal