കൊവിഡിനെ തുടർന്ന് അടഞ്ഞുകിടക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങൾ നാളെ മുതൽ തുറക്കും. അതേസമയം, ബീച്ചുകളിൽ അടുത്തമാസം ഒന്നു
മുതലായിരിക്കും വിനോദസഞ്ചാരികൾക്ക് തുറന്നുകൊടുക്കുക. യാത്രകൾ മുടങ്ങിക്കിടക്കുന്ന സഞ്ചാരികൾക്ക് ആഹ്ലാദം പകരുന്നതാണ് ടൂറിസം വകുപ്പിന്റെ തീരുമാനം . ഹിൽ സ്റ്റേഷനുകളിലും,സാഹസിക വിനോദകേന്ദ്രങ്ങളിലും, കായലോര ടൂറിസം കേന്ദ്രങ്ങളിലും സംസ്ഥാനത്തിന് അകത്തും പുറത്തുള്ള വിനോദസഞ്ചാരികൾക്ക് ഉപാധികളോടെ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിക്കഴിഞ്ഞു. ഹൗസ് ബോട്ടുകൾക്കും മറ്റ് ടൂറിസ്റ്റ് ബോട്ടുകൾക്കും സർവീസ് നടത്താം. അടുത്തമാസം ഒന്നുമുതൽ ബീച്ച് ടൂറിസവും സജീവമാകും. കഴിഞ്ഞ 6 മാസങ്ങളായി ടൂറിസം മേഖലയും അതിനെ ആശ്രയിച്ചു ജീവിക്കുന്നവരും വലിയ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്ക് ഒരാഴ്ച്ച വരെയുള്ള ഹ്രസ്വസന്ദർശനത്തിന് ക്വാറന്റീൻ നിർബന്ധമില്ല. എന്നാൽ ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ഏഴുദിവസം കഴിഞ്ഞും മടങ്ങുന്നില്ലെങ്കിൽ, സ്വന്തം ചെലവിൽ കൊവിഡ് പരിശോധനയ്ക്ക് വിധേയമാകണം. ഏഴു ദിവസത്തിൽ കൂടുതൽ ചെലവഴിക്കാൻ ആഗ്രഹിക്കുന്നവർ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കേറ്റുമായി എത്തുകയോ, എത്തിയാൽ ഉടൻ കൊവിഡ് പരിശോധന നടത്തുകയോ ചെയ്യണം. വിനോദസഞ്ചാരികൾക്ക് സന്ദർശനവേളയിൽ കൊവിഡ് രോഗബാധ ലക്ഷണങ്ങൾ ഉണ്ടായാൽ ദിശയിൽ ബന്ധപ്പെട്ട് ആരോഗ്യപ്രവർത്തകരുടെ സേവനം തേടണമെന്നും ഉത്തരവിലുണ്ട്. ഹോട്ടൽ ബുക്കിംഗും, വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള ടിക്കറ്റെടുക്കുന്നതും ഓൺലൈൻ സംവിധാനത്തിലൂടെയായിരിക്കും. ആയുർവേദ കേന്ദ്രങ്ങളിലും സംസ്ഥാന സർക്കാരിന്റെ കൊവിഡ് ജാഗ്രതാ നിർദേശങ്ങൾ പാലിക്കണം.
ബീച്ചുകൾ ഒഴികെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ നാളെ മുതൽ സഞ്ചാരികൾക്കായി തുറന്നു കൊടുക്കും
previous post