ചൈനയിലെ പോലെ സർവസൈന്യാധിപനാവാനാണ് മുഖ്യമന്ത്രി റൂൾസ് ഓഫ് ബിസിനസിൽ ഭേദഗതി വരുത്തുന്നതെന്ന് എം കെ മുനീർ എംഎൽഎ. കണ്ടാലും കൊണ്ടാലും പഠിക്കാൻ തയാറാകാത്ത മുഖ്യമന്ത്രി ആണ് പിണറായി വിജയൻ. തന്റെ സ്വന്തം സെക്രട്ടറി തന്നെ വീരശൂര പരാക്രമിയായ മുഖ്യമന്ത്രിയെ തകർത്തു തരിപ്പണമാക്കി. മന്ത്രിമാരിലുള്ള വിശ്വാസക്കുറവ് കൊണ്ടായിരിക്കും വീണ്ടും ഇതേ സെക്രട്ടറിമാരുമായി നേരിട്ട് ഇടപാട് നടത്തുന്നത്. സിപിഐയുടെ മന്ത്രിമാരെങ്കിലും ഒന്നുറക്കെ കരഞ്ഞിരുന്നെങ്കിലെന്ന് ആശിച്ചുപോകുന്നുവെന്നും എം കെ മുനീർ ഫേസ് ബുക്കിൽ എഴുതി.
മുഖ്യമന്ത്രിക്കും വകുപ്പ് സെക്രട്ടറിമാർക്കും കൂടുതൽ അധികാരം നൽകുന്നതാണ് റൂൾസ് ഓഫ് ബിസിനസ് ഭേദഗതി. ഭേദഗതിയുടെ കരട് മന്ത്രിസഭാ ഉപസമിതി ചർച്ചക്കെടുത്തു.15 വർഷത്തിനിടെ ആദ്യമായാണ് റൂൾസ് ഓഫ് ബിസിനസ് ഭേദഗതിക്ക് നീക്കം നടക്കുന്നത്. മുഖ്യമന്ത്രിയിലേക്കും വകുപ്പ് സെക്രട്ടറിമാരിലേക്കും അധികാരം കേന്ദ്രീകരിക്കുന്നുവെന്നും മറ്റ് മന്ത്രിമാരുടെ അധികാരം ലഘൂകരിക്കുന്നുവെന്നുമാണ് പ്രധാന വിമർശനം.
എം കെ മുനീറിൻറെ കുറിപ്പ്
ചങ്കിലെ ചൈനയിലെ പ്രസിഡന്റിനെ പോലെ കേരളത്തിന്റെ മുഖ്യമന്ത്രിയും ഇനി സർവ്വസൈന്യാധിപനാകുവാൻ വേണ്ടിയാണ് റൂൾസ് ഓഫ് ബിസിനസ്സിൽ ഭേദഗതി വരുത്തുവാനുള്ള നടപടികൾ.
കഴിഞ്ഞ നാലര വർഷം ഏകഛത്രാധിപതിയായതിന്റെ ദുരന്തമാണ് കേന്ദ്ര ഏജൻസികൾ കേരളത്തിൽ സ്ഥിരതാമസം ആക്കിയതിന്റെ പിന്നിൽ. കണ്ടാലും കൊണ്ടാലും പഠിക്കാൻ തയാറാകാത്ത മുഖ്യമന്ത്രി ആണ് പിണറായി വിജയൻ. തന്റെ സ്വന്തം സെക്രട്ടറി തന്നെ വീരശൂര പരാക്രമിയായ മുഖ്യമന്ത്രിയെ തകർത്തു തരിപ്പണമാക്കിയിട്ടും വീണ്ടും ഇതേ സെക്രട്ടറിമാരുമായും നേരിട്ട് ഇടപാട് നടത്തുവാനുള്ള നീക്കം സ്വന്തം മന്ത്രിമാരിൽ അദ്ദേഹത്തിനുള്ള വിശ്വാസക്കുറവായിരിക്കും. ആദ്യം സ്വന്തം എം. എൽ. എ മാരെ പടിക്കു പുറത്തു നിർത്തി, ഇപ്പോൾ മന്ത്രിമാരെ മൂലയ്ക്കിരുത്തി. സി. പി. ഐ. യുടെ മന്ത്രിമാരെങ്കിലും ഒന്നുറക്കെ കരഞ്ഞിരുന്നെങ്കിൽ….. എന്നാശിച്ചു പോകുന്നു.