ചിത്രം തെളിയാൻ ഇനി മണിക്കൂറുകൾ മാത്രം…
ദേശീയ രാഷ്ട്രീയത്തിന് വഴിത്തിരിവുണ്ടാകുമോ എന്ന ആശങ്കയ്ക്കാണ് 2019 ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം അറിയുന്നതോടെ വിരാമമിടുന്നത്. ഫലം എന്തു തന്നെയാണെങ്കിലും അത് നിര്‍ണ്ണായകമായേക്കും.
മോദി ഭരണം തുടരുമോ അതോ കോണ്‍ഗ്രസ്സിന്റെ തിരിച്ചുവരവോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. രാവിലെ എട്ട് മുതല്‍ വൈകിട്ട് എട്ട് വരെയാണ് വോട്ടെണ്ണല്‍.
കേരളത്തില്‍ 20 ലോക്സഭാ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. സംസ്ഥാനത്ത് 29 ഇടത്തായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുക.
തപാല്‍ വോട്ടുകള്‍ ആദ്യം എണ്ണും. അതിനു ശേഷം സര്‍വീസ് വോട്ടുകളുടെ സ്കാനിങ് ആരംഭിക്കും. വോട്ടിങ് യന്ത്രങ്ങളിലെ വോട്ട് രാവിലെ 8.30 മുതല്‍ എണ്ണിത്തുടങ്ങും. എട്ട് മണിക്ക് ശേഷം ലഭിക്കുന്ന തപാല്‍ വോട്ടുകള്‍ എണ്ണില്ല. എട്ടരയോടെ ആദ്യ ഫലസൂചനകള്‍ ലഭിക്കും.
ഇത്തവണ വോട്ടിങ് യന്ത്രങ്ങളിലെ വോട്ടിന് പുറമേ വിവിപാറ്റ് രസീതുകള്‍ കൂടി എണ്ണേണ്ടതുണ്ട്. ഒരു നിയോജക മണ്ഡലത്തിലെ അഞ്ച് ബൂത്തുകളിലെ വിവിപാറ്റ് രസീതുകള്‍ എണ്ണണം. വിവിപാറ്റ് രസീതുകള്‍ കൂടി എണ്ണേണ്ട സാഹചര്യം ഉള്ളതിനാല്‍ അന്തിമ ഫലം അറിയാന്‍ വൈകും. ഉച്ചയോടെ തന്നെ ഏകദേശ ഫലസൂചനകള്‍ ലഭിക്കുമെങ്കിലും ഒദ്യോഗിക പ്രഖ്യാപനം വൈകാനാണ് സാധ്യത.
അതേസമയം എക്സിറ്റ് പോളുകള്‍ ഫലവത്താകുമോ എന്ന കണക്കുകൂട്ടലിലാണ് വിവിധ രാഷ്ട്രീയ നിരീക്ഷകർ.