ലോക്ഡൗണ്‍ കാലത്ത് സംസ്ഥാനത്ത് കുട്ടികള്‍ക്കിടയില്‍ ആത്മഹത്യ വര്‍ധിച്ചതായി റിപ്പോര്‍ട്ട്. മാര്‍ച്ച് 23 മുതല്‍ സെപ്റ്റംബര്‍ ഏഴുവരെ കേരളത്തില്‍ 173 കുട്ടികള്‍ ആത്മഹത്യചെയ്തെന്നാണ് സംസ്ഥാന ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകള്‍. പത്തിനും 18നും ഇടയിലുള്ള കുട്ടികളാണ് ആത്മഹത്യ ചെയ്തവരിലേറെയും.
കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ ഏറ്റവും അധികം കുട്ടികള്‍ ആത്മഹത്യ ചെയ്തത് തിരുവനന്തപുരം ജില്ലയിലായിരുന്നു. 2019 ല്‍ 21 കുട്ടികള്‍ ജീവനൊടുക്കിയ സ്ഥാനത്ത് ലോക്ഡൗണ്‍ കാലത്ത് അത് 27 ആയി ഉയര്‍ന്നു. പാലക്കാട് ജില്ലയില്‍ 23 പേരും മലപ്പുറം ജില്ലയില്‍ 17 കുട്ടികളും ആലപ്പുഴ ജില്ലയില്‍ 11 കുട്ടികളും ലോക്ഡൗണില്‍ ആത്മഹത്യ ചെയ്തു.
മരിച്ച കുട്ടികളില്‍ 154 പേരും തൂങ്ങിമരിക്കുകയായിരുന്നു. തീകൊളുത്തിയും വിഷം കഴിച്ചും മരിച്ച സംഭവങ്ങളും ഉണ്ടായി. മാനസികപിരിമുറുക്കങ്ങളും നിസ്സാരകാരണങ്ങളും കൊണ്ട് കുട്ടികള്‍ മരണത്തിലേക്ക് നീങ്ങുന്ന സംഭവം ഗൗരവമായെടുക്കേണ്ടതാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
കുടുംബത്തിലെ പ്രശ്നങ്ങള്‍, മാതാപിതാക്കളുടെ ശകാരം, പെട്ടന്നുള്ള പ്രകോപനം, കൂട്ടുകാരുമായുള്ള വഴക്ക്, മൊബൈല്‍ വാങ്ങി നല്‍കാത്തതിലുള്ള വഴക്ക് തുടങ്ങിയവയും മരണങ്ങള്‍ക്കു കാരണമായി.