സംസ്ഥാനത്ത് വീണ്ടും നിപ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. വടക്കര് പറവൂര്‍ സ്വദേശിയും തൊടുപുഴയിലെ സ്വകാര്യ കോളേജില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയുമായ 21-കാരനിലാണ് നിപ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. വൈറസ് സാന്നിധ്യം തിരിച്ചറിഞ്ഞതുമുതൽ ഇയാളുമായി അടുത്ത് ഇടപഴകിയ നാല് പേര് ഇപ്പോള്‍ നിരീക്ഷണത്തിലാണ്.
വിദ്യാര്‍ത്ഥിയുടെ രണ്ട് സുഹൃത്തുകളും ആദ്യഘട്ടത്തിലെ ഇയാളെ പരിചരിച്ച രണ്ട് നഴ്സുമാരുമാണ് നിരീക്ഷണത്തില്‍ ഉള്ളത്. നിപബാധ സംശയിക്കുന്നതിനാല്‍ വിദ്യാര്‍ത്ഥിയുടെ ഒരു സുഹൃത്തിനെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ തയ്യാറാക്കിയ പ്രത്യേക ഐസോലേഷന് വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്. നേഴ്സുമാര്‍ക്ക് പനിയുടെ ലക്ഷണമുണ്ട്. നേരിയ പനിയും തൊണ്ടയിൽ അസ്വസ്ഥതയുള്ള അവരും നിരീക്ഷണത്തിലാണ്. ഇവരെല്ലാം അവരവരുടെ വീടുകളില്‍ തുടരുകയാണ്. രോഗലക്ഷണങ്ങള്‍ ശക്തമായാല്‍ ഇവരേയും ഐസോലേഷന് വാര്‍ഡിലേക്ക് മാറ്റാന്‍ ആരോഗ്യവകുപ്പിന്റെ തീരുമാനം.
2018-ല്‍ കോഴിക്കോട് 18 പേരുടെ മരണത്തിന് കാരണമായ വൈറസ്ബാധ അവസാനിച്ച് ഒരു വര്‍ഷത്തിന് ശേഷമാണ് വീണ്ടും നിപ വൈറസ് കേരളത്തില്‍ സാന്നിധ്യമറിയിക്കുന്നത്.
ഇക്കുറിയും വൈറസ് പടരുന്നത് തടയാന്‍ അതിവിപുലമായ സന്നാഹങ്ങളും വ്യാപകമായ പ്രതിരോധ പ്രവര്‍ത്തനങ്ങളുമാണ് സംസ്ഥാന ആരോഗ്യവകുപ്പിന് കീഴില്‍ നടക്കുന്നത്.
നിപ വൈറസ് ?
ഹെനിപാ വൈറസ് ജീനസിലെ നിപ വൈറസ് പാരാമിക്സോ വൈറിഡേ ഇനത്തിലെ വൈറസാണ്. മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന അസുഖമാണ് നിപ വൈറസ്.
വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ ഇത് മനുഷ്യരിലേക്ക് പകരാം. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരാം. അസുഖ ബാധയുള്ളവരെ അടുത്ത് പരിചരിക്കുന്നവരിലേക്ക് ശ്രദ്ധിച്ചില്ലെങ്കില്‍ രോഗം പകരാൻ സാധ്യതയുണ്ട്.
വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലര്‍ന്ന പാനീയങ്ങളും വവ്വാല് കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെയും രോഗം പകരാം.
തിരിച്ചറിയാം രോഗലക്ഷണങ്ങളിലൂടെ…
അഞ്ച് മുതല്‍ 14 ദിവസം കഴിയുമ്പോഴാണ് രോഗ ലക്ഷണങ്ങള്‍ പ്രകടമാകുക. പനി, തലവേദന, തലകറക്കം, ബോധക്ഷയം എന്നീ പ്രധാന ലക്ഷണങ്ങൾക്കൊപ്പം ചുമ, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദി, ക്ഷീണം, കാഴ്ചമങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങളും അപൂര്‍വമായി കണാം. രോഗലക്ഷണങ്ങള്‍ ആരംഭിച്ച ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കകം തന്നെ ബോധക്ഷയം വന്ന് കോമ അവസ്ഥയിലെത്താന്‍ സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എന്‍സഫലൈറ്റിസ് ഉണ്ടാവാനും സാധ്യതയാണ്ട്.
രോഗ സ്ഥിരീകരിക്കാൻ..
തൊണ്ടയില്‍ നിന്നും മൂക്കില്‍ നിന്നുമുള്ള സ്രവം, രക്തം, മൂത്രം, തലച്ചോറിലെ നീരായ സെറിബ്രോ സ്പൈനല്‍ ഫ്ളൂയിഡ് എന്നിവയില്‍ നിന്നും ആര്.ടി.പി.സി.ആര്. (റിയല്‍ ടൈം പോളിമറേസ് ചെയിന്‍ റിയാക്ഷന്) ഉപയോഗിച്ച് വൈറസിനെ വേര്‍തിരിച്ചെടുക്കാന്‍ സാധിക്കും. അസുഖം പുരോഗമിക്കുന്ന ഘട്ടത്തില്‍ എലൈസ പരിശോധനയിലൂടെയും തിരിച്ചറിയാന്‍ സാധിക്കും.
മരണപ്പെട്ടവരുടെ പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ കലകളില്‍ നിന്നെടുക്കുന്ന സാമ്പിളുകളില്‍ ഇമ്യൂണോ ഹിസ്റ്റോകെമിസ്ട്രി പരിശോധന നടത്തിയും അസുഖം സ്ഥിരികരിക്കാന്‍ സാധിക്കും.
മുന്‍കരുതലുകള്‍ എന്തൊക്കെ?
* അസുഖം വന്നതിനു ശേഷമുള്ള ചികിത്സ അത്ര ഫലപ്രദമല്ലാത്തതിനാൽ പ്രതിരോധമാണ് ഏറ്റവും വലിയ മരുന്ന്.
* വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം മനുഷ്യ ശരീരത്തിന്റെ ഉള്ളിലെത്തിയാല്‍ അസുഖം ഉണ്ടാകാം. ഇതിനുള്ള സാഹചര്യങ്ങളെല്ലാം ഒഴിവാക്കുക.
* പക്ഷിമൃഗാദികളും വവ്വാലും കടിച്ച കായ് ഫലങ്ങള്‍ ഒഴിവാക്കുക.
* പനി, ചുമ, മയക്കം തുടങ്ങിയ ലക്ഷണങ്ങളുമായി വരുന്ന രോഗികളുമായി ഇടപഴകുമ്പോൾ ആരോഗ്യപ്രവർത്തകർ വ്യക്തിഗതമായ സുരക്ഷാമാർഗ്ഗങ്ങൾ ഉപയോഗിക്കണം.
* പനി, ചുമ, മയക്കം തുടങ്ങിയ ലക്ഷണങ്ങളുള്ള രോഗികളെ പരിചരിക്കുന്നവരും ശ്രദ്ധിക്കണം.
* രോഗികളുടെ അടുത്ത് കൂടുതൽ സമയം ചെലവാക്കാതിരിക്കുക.
* രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ള സാമഗ്രികള്‍ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക.
* പനി ഉള്ളവരെ സന്ദർശിക്കുന്നത് പരമാവധി ഒഴിവാക്കുക.
* വസ്ത്രങ്ങളും മറ്റും പ്രത്യേകം കഴുകുകയും ഉണക്കുകയും ചെയ്യുക
* രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടശേഷം സോപ്പുപയോഗിച്ച് കൈ നന്നായി കഴുകി വൃത്തിയാക്കുക.
* മൃതദേഹ ശുശ്രൂഷ ചെയ്തവർ ഉടനെതന്നെ സോപ്പുപയോഗിച്ച് നന്നായി കുളിക്കുക.* സാംക്രമിക രോഗങ്ങളില്‍ എടുക്കുന്ന എല്ലാ മുന്‍കരുതലുകളും ഇത്തരം രോഗികളിലും കര്‍ശനമായി എടുക്കുക.
* രോഗമുണ്ടെന്നു സംശയിക്കുന്ന രോഗി അഡ്മിറ്റ് ആയാല്‍ അധികൃതരെ വിവരം അറിയിക്കുക.
* സ്വയം രക്ഷാ സജ്ജീകരണങ്ങളുടെ ഉപയോഗം- മാസ്ക്, കൈയുറ (ഗ്ലൗസ്), ഗൗണ്‍ എന്നിവയൊക്കെ രോഗിയുമായി ഇടപഴകുമ്പോള്‍ ഉടനീളം ഉപയോഗിക്കേണ്ടതാണ്. ഇവ ഉപയോഗിച്ച ശേഷം അഴിക്കുമ്പോള്‍ വളരെയധികം ജാഗ്രതയും സുരക്ഷിതത്വവും പാലിക്കേണ്ടതാണ്.
* അണുനാശികാരികളായ ക്ലോറോഹെക്സിഡൈന് അല്ലെങ്കില്‍ ആള്‍ക്കഹോള്‍ അടങ്ങിയ ഹസ്ത ശുചികരണ ദ്രാവകങ്ങള്‍ (ഉദാ. സാവ്ലോണ് പോലുള്ള) കൊണ്ട് ശുശ്രൂഷയ്ക്ക് ശേഷം കൈ കഴുകാവുന്നതാണ്.
* ശുശ്രൂഷയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ പരമാവധി ഡിസ്പോസബിള്‍ ആവുന്നതാണ് നല്ലത്.