ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി നൂറിന്റെ നിറവിൽ നിൽക്കുമ്പോൾ, ജനനായകൻ വി.എസ് അച്യുതാനന്ദന് ഇന്ന് 97-ാം പിറന്നാൾ. വി.എസ് എന്ന രണ്ടക്ഷരം മലയാളിക്ക് പോരാട്ടത്തിന്റെ പര്യായമാണ്. നാടുവാഴിത്തത്തിനെതിരായ സമരങ്ങളിൽ തുടങ്ങി കർഷകർക്കും തൊഴിലാളിവർഗത്തിനും പിന്നീട് പരിസ്ഥിതിക്കും സ്ത്രീസമത്വത്തിനുമായി മാറ്റിവെച്ച എട്ട് പതീറ്റാണ്ട്.
സഖാവ് വി.എസ്. അതിൽ കൂടുതലൊരു മുഖവുര ആവശ്യമില്ല. എട്ട് പതിറ്റാണ്ടുകാലമായി കേരളത്തിന്റെ രാഷ്ട്രീയസാമൂഹിക സ്പന്ദനത്തിന്റെ ഭാഗമായ വി.എസ് അച്യുതാനന്ദനോളം വലിയൊരു നേതാവ് ഇന്ന് മലയാളിക്കില്ല. പുന്നപ്രവയലാർ സമരനായകനായിട്ടാണ് വി.എസ് പോരാട്ടവഴികളിൽ സജീവമാകുന്നത്. മരിച്ചെന്നുകരുതി സർ സി.പിയുടെ പൊലീസ് വലിച്ചെറിഞ്ഞ കാട്ടിൽ നിന്നും ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ഉയർത്തെഴുന്നേറ്റ വി.എസ് ആ പോരാട്ടവീര്യം പിന്നീടുള്ള ജീവിതത്തിലുടനീളം അത് കാത്തുസൂക്ഷിച്ചു.
സംഘടനാരംഗത്ത് അതിവേഗത്തിലായിരുന്നു വി.എസിന്റെ വളർച്ചയെങ്കിലും പാർലമെന്ററി രംഗത്ത് ഏറിയും കുറഞ്ഞുമാണ് വി.എസ് ഓരോ പടികളും കയറിയത്. മലയാളികളെ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം പ്രവൃത്തിയിലൂടെ ബോധ്യപ്പെടുത്തിയ മുഖ്യമന്ത്രി, ഭരണകൂടത്തെ വിറപ്പിച്ച പ്രതിപക്ഷ നേതാവ്. പാർലമെന്ററി രംഗത്ത് വി.എസ് തീർത്ത ചലനങ്ങൾ ചരിത്രത്തിന്റെ ഭാഗമാണ്.
പലപ്പോഴും മത്സരിക്കാൻ സീറ്റ് നിഷേധിച്ചെങ്കിലും ജനങ്ങൾ ഇടപെട്ട് പാർട്ടിയുടെ നിലപാട് തിരുത്തുകയായിരുന്നു. വി.എസിന് മലയാളി നൽകിയ ഇടം ഇനിയൊരു നേതാവിന് ലഭിക്കുമോ എന്ന കാര്യം സംശയമാണ്.