കൊവിഡ് പ്രതിസന്ധിക്കിടെ സാധാരണക്കാര്‍ക്ക് ഇരട്ട പ്രഹരമായി സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. സവാളക്കും ഉള്ളിക്കും തീവിലയാണ്. മഴക്കെടുതിയും കൊവിഡും മൂലം മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള വരവ് കുറഞ്ഞതോടെയാണ് അവശ്യ വസ്തുക്കളുടെ വില കുത്തനെ ഉയര്‍ന്നത്
ഇതുവരെ കണ്ണുനനയിച്ചു കൊണ്ടിരുന്ന ഉള്ളിയും സവാളയും ഇപ്പോള്‍ കൈ കൂടി പൊള്ളിക്കുന്ന അവസ്ഥയാണ്. അത്രത്തോളം കുതിച്ചുയര്‍ന്നിരിക്കുകയാണ് സംസ്ഥാനത്ത് ഉള്ളിയുടെയും സവാളയുടേയും വില. നാല്‍പ്പത് രൂപയായിരുന്ന സവാളക്ക് മൊത്തവിതരണ കേന്ദ്രത്തില്‍ 80 രൂപയാണ് ഇപ്പോള്‍ വില. ഇത് ചെറുകിട വ്യാപാരികളിലേക്ക് എത്തുമ്പോള്‍ 90ന് മുകളില്‍ ആകും. 80 രൂപയായിരുന്ന ഉള്ളി സെഞ്ചുറി കടന്നിരിക്കുകയാണ്. 115 ഉം 120 ഉം രൂപയാണ് ഉള്ളി വില. മറ്റു പച്ചക്കറികള്‍ക്കും ക്രമാതീതമായി വില ഉയര്‍ന്നിട്ടുണ്ട്. കാരറ്റ് 100, ബീന്‍സ് 80, കാബേജ് 50, ബീറ്റ്റൂട്ട് 70 എന്നിങ്ങനെയാണ് ചില്ലറ വ്യാപാര കേന്ദ്രങ്ങളില്‍ പച്ചക്കറികള്‍ക്ക് വില. മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നാണ് സംസ്ഥാനത്തേക്ക് സവാള കൂടുതലായി എത്തുന്നത്. ഉള്ളി എത്തുന്നത് തമിഴ്നാട് നിന്നും. ഈ സംസ്ഥാനങ്ങളില്‍ ദിവസങ്ങളായി കനത്ത മഴ തുടരുന്നതാണ് വരവ് നിലയ്ക്കാന്‍ കാരണം. ഇതാണ് അവശ്യ വസ്തുക്കളുടെ കുത്തനെയുള്ള വിലവര്‍ധനവിന് കാരണം.