മൂന്നാര്‍: മണ്ണിടിച്ചില്‍ ദുരന്തമുണ്ടായ പെട്ടിമുടിയില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇന്ന് രാവിലെ തെരച്ചില്‍ ആരംഭിച്ച് ഒരു മണിക്കൂറിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ മരണസംഖ്യ 53 ആയി ഉയര്‍ന്നു. പെട്ടിമുടിയാറിലേക്കാണ് ഉരുള്‍പൊട്ടിയെത്തിയ വെള്ളം കുത്തിയൊലിച്ച് പോയത്. അതിനാല്‍ ഇപ്പോള്‍ പെട്ടിമുടിയാര്‍ കേന്ദ്രീകരിച്ചാണ് തെരച്ചില്‍ നടക്കുന്നത്.
ആറ്റില്‍ നിന്ന് 6 മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നു. കുത്തൊഴുക്കുള്ള ആറ്റില്‍ തെരച്ചില്‍ ദുഷ്കരമാണ്. ഈ പശ്ചാത്തലത്തില്‍ മൂന്നാര്‍ അഡ്വഞ്ചര്‍ ക്ലബ്ബ് പ്രവര്‍ത്തകര്‍, സ്കൂബ ഡൈവര്‍മാര്‍ തുടങ്ങിയവരുടെ സഹായത്തോടെയാണ് തെരച്ചില്‍ പുരോഗമിക്കുന്നത്. പെട്ടിമുടിയാര്‍ ചേരുന്ന കടലാര്‍, കടലാര്‍ ചേരുന്ന കരിമ്പിരിയാര്‍ എന്നിവിടങ്ങളിലും തെരച്ചില്‍ നടത്തും.
പെട്ടിമുടിയില്‍ ലയങ്ങള്‍ നിന്നിരുന്ന സ്ഥലത്തെ തെരച്ചില്‍ ഏകദേശം പൂര്ണ്ണമായിട്ടുണ്ടെന്നാണ് വിവരം. എങ്കിലും 17 പേരെക്കൂടി കണ്ടെത്താനുള്ളതിനാല്‍ തെരച്ചില്‍ തുടരും. കുട്ടികളെയാണ് ഇനി കണ്ടെത്താനുള്ളവരില്‍ ഭൂരിപക്ഷമെന്നും വിവരമുണ്ട്.