നികുതി വെട്ടിക്കുന്നതിനായി വ്യക്തികൾ ഏതെങ്കിലും വിധത്തിലുള്ള തട്ടിപ്പ് നടത്തുന്നുണ്ടോ എന്നറിയാൻ ആദായനികുതി വകുപ്പിന്റെ പുതിയ ദൗത്യം പുറപ്പെടിപ്പിച്ചതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. സമ്പന്നരായിട്ടും ഇടത്തരം വരുമാനക്കാരെപ്പോലെ ജീവിക്കുന്നവർ ഏറെയുണ്ടെന്ന കണ്ടെത്തലിൻറെ പശ്ചാത്തലത്തിലാണ് ദൗത്യം തയ്യാറാക്കുന്നത്. നികുതി വെട്ടിപ്പുകാരെ ഡേറ്റ അനലിറ്റിക്സ് പ്രയോജനപ്പെടുത്തി കണ്ടെത്തുകയാണു ലക്ഷ്യം.
വരുമാനം ഉണ്ടായിട്ടും ചില വ്യക്തികൾ അക്കൗണ്ടിൽനിന്ന് പിൻവലിക്കുന്നതു നിസാര തുകയാണ്. വരുമാനത്തിന് ആനുപാതികമായി പണം ചെലവിടുന്നില്ലെന്നു കണ്ടെത്തിയ പശ്ചാത്തലത്തിലാണ് ആദായനികുതി വകുപ്പിൻ്റെ പുതിയ ദൗത്യം. ഇതിൻ്റെ ഭാഗമായി വ്യക്തികളോട് കുടുംബാംഗങ്ങളുടെ വിവരങ്ങൾ, വരുമാനം, പാൻ തുടങ്ങിയവ വെളിപ്പെടുത്തണമെന്ന് ആവിശ്യപ്പെടും. കൂടാതെ കടയിലെ ചെലവ്, റെസ്റ്റോറന്റ് ബില്ല് , പാചകവാതക ബിൽ, വസ്ത്രവും ഷൂസും വാങ്ങിയ ചെലവ് തുടങ്ങിയവയുടെ വിശദാംശങ്ങളെല്ലാം നോട്ടിസ് അയച്ചു തേടുകയാണ് ആദായനികുതി വകുപ്പ്. വ്യക്തികൾ വിവരങ്ങൾ കൈമാറാൻ തയ്യാറായില്ലെങ്കിൽ പിഴ ഈടാക്കുമെന്നും റിപ്പോർട്ടിലുണ്ട്.
