ഒറ്റ പ്രസവത്തിൽ അഞ്ചു മക്കൾക്ക് ജന്മം നൽകിയ തിരുവനന്തപുരം നന്നാട്ടുകാവിലെ രമാദേവിയെ നമ്മൾ മറന്നു കാണില്ല. പഞ്ചരത്നങ്ങളിൽ മൂന്ന് പേരുടെ കല്യാണം ഗുരുവായൂർ ക്ഷേത്രത്തിൽ നടക്കുകയാണ്. ഉത്തര, ഉത്തമ, ഉത്ര എന്നിവരുടെ വിവാഹമാണ് ഇന്ന് നടക്കുന്നത്. 7.45 നും 8.15 നു ഇടയിലാണ് മുഹൂർത്തം.
1995 നവംബറിലാണ് പഞ്ചരത്നങ്ങളുടെ അപൂർവ പിറവി. ഒറ്റ പ്രസവത്തിൽ അഞ്ച് കുട്ടികൾ ഉണ്ടായത് അന്ന് ഏറെ കൗതുകത്തോടെയാണ് കേരളം ഉറ്റുനോക്കിയത്. ഉത്രം നാളിൽ ജനിച്ചത് കൊണ്ട് തന്നെ ഉത്ര, ഉത്തര, ഉത്രജ, ഉത്രജൻ, ഉത്തമ എന്നിങ്ങനെയാണ് മക്കൾക്ക് നൽകിയിരിക്കുന്ന പേരുകൾ
ഏറെ നാൾ സന്തോഷത്തെടെ ജീവിച്ച കുടുംബത്തിന് മേൽ കരുനിഴൽ വീഴ്ത്തിക്കൊണ്ടാണ് അച്ഛൻ പ്രേംകുമാറിന്റെ മരണം സംഭവിക്കുന്നത്. 2004ൽ അച്ഛൻ പ്രേമകുമാർ മരിച്ചപ്പോൾ പേസ്മേക്കറിൽ തുടിക്കുന്ന ഹൃദയവുമായി അമ്മ രമാദേവി മക്കൾക്ക് തണലായി. ജില്ലാ സഹകരണ ബാങ്കിൽ രമാദേവിക്ക് സർക്കാർ ജോലി നൽകിയതോടെയാണ് കുടുംബം കരകയറിയത്.
നാല് പെൺമക്കളുടേയും വിവാഹം ഒരുമിച്ച് നടത്തണം എന്നായിരുന്നു രമാദേവിയുടെ ആഗ്രഹം. എന്നാൽ ഉത്രജയുടെ വരൻ വിദേശത്തായതുകൊണ്ട് ഈ വിവാഹം മാറ്റിവയ്ക്കുകയായിരുന്നു. ഇന്ന് ഉത്ര, ഉത്തര, ഉത്തമ എന്നിവരുടെ വിവാഹമാണ് നടക്കുന്നത്.
ഫാഷൻ ഡിസൈനറായ ഉത്രയ്ക്ക് മസ്കറ്റിൽ ഹോട്ടൽ മാനേജരായ ആയൂർ സ്വദേശി കെ.എസ്. അജിത്കുമാറാണ് വരൻ. ഓൺലൈൻ മാധ്യമപ്രവർത്തകയായ ഉത്തരയെ കോഴിക്കോട് സ്വദേശിയായ ട്വന്റിഫോറിന്റെ ക്യാമറാമാൻ മഹേഷാണ് വിവാഹം കഴിക്കുന്നത്.
തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ അനസ്തേഷ്യ ടെക്നീഷ്യനായ ഉത്തമയെ മസ്കറ്റിൽ അക്കൗണ്ടന്റായി ജോലിനോക്കുന്ന വട്ടിയൂർക്കാവ് സ്വദേശി വിനീതും താലിചാർത്തും.