ബെൽജിയൻ വേട്ടപ്പട്ടി മെലനോയ്സും കുഞ്ഞൻ നായ ബീഗിളും വ്യാഴാഴ്ച മുതൽ പോലീസ്സേനയുടെ ഭാഗം. വ്യാഴാഴ്ച പരിശീലനം പൂർത്തിയാക്കി പുറത്തിറങ്ങുന്ന 22 പോലീസ് നായ്ക്കളിൽ അഞ്ചെണ്ണം മെലനോയ്സും അഞ്ചെണ്ണം ബീഗിളുമാണ്.
ട്രാക്കർ വിഭാഗത്തിലാണ് മെലനോയ്സിന് പരിശീലനം നൽകിയിരിക്കുന്നത്. എക്സ്പ്ലോസീവ് ഡിറ്റക്ഷൻ വിഭാഗത്തിലാണ് ബീഗിളുകളെ പരിശീലിപ്പിച്ചിരിക്കുന്നത്. ഇന്ത്യൻ ഇനമായ കന്നി, ചിപ്പിപ്പാറ എന്നിവയുടെ ആറ് നായ്ക്കളുണ്ട്. ലാബ്രഡോർ, റിട്രീവർ വിഭാഗത്തിൽപ്പെടുന്നവയാണ് ആറ് നായ്ക്കൾ.
പത്തുമാസത്തെ പരിശീലനമാണ് ഇവയ്ക്ക് നൽകിയത്. ഇവയെ പരിപാലിക്കുന്നതിനായി 44 ഹാൻഡ്ലർമാർക്കും പരിശീലനം നൽകി. തൃശ്ശൂരിലെ പോലീസ് അക്കാദമിയുടെ ഭാഗമായുള്ള ഡോഗ് ട്രെയിനിങ് സ്കൂളിലായിരുന്നു പരിശീലനം. പത്താമത്തെ ബാച്ചാണ് വ്യാഴാഴ്ച പുറത്തിറങ്ങുന്നത്.
*ബീഗിൾ*
:വളരെ പെട്ടെന്ന് ഇണങ്ങുകയും കൂട്ടുകൂടുകയും ചെയ്യുന്ന ഇനമാണ് ബീഗിൾ. നെറ്റിയിൽ വെള്ളയോ തവിട്ടോ കലർന്ന നീളൻ പൊട്ടുതൊട്ട സുന്ദരൻ/സുന്ദരി. ലോകത്ത് ഏറ്റവുമധികം വിറ്റുപോകുന്ന വളർത്തുമൃഗങ്ങളിലൊന്നാണ് ബീഗിൾ എന്ന കുഞ്ഞൻപട്ടി. എന്തും മണംപിടിച്ചുകണ്ടെത്താനുള്ള അസാമാന്യകഴിവാണ് ഇവയുടെ എടുത്തുപറയേണ്ട പ്രത്യേകത. അതുകൊണ്ടുതന്നെ വിമാനത്താവളങ്ങളിലും മറ്റും അന്വേഷണ സ്ക്വാഡുകൾക്കൊപ്പം ഉപയോഗിക്കാറുണ്ട്.
ഉത്പത്തി: ബ്രിട്ടൺ
ശരീരപ്രകൃതി: ചെറിയ ശരീരം. രണ്ടോ മൂന്നോ നിറമുണ്ടാകും ഒരു നായയിൽ.
ഉയരം: -41 സെന്റീമീറ്റർ വരെ.
ഭാരം:ഒമ്പതുമുതൽ 11 കിലോ വരെ.
വില:നായക്കുട്ടിക്ക് 30,000 മുതൽ
ആയുസ്സ്:12-15 വർഷം