2019ൽ ഇന്ത്യ ആര് ഭരിക്കുമെന്നതാണ് രാജ്യം ഉറ്റുനോക്കുന്ന വിഷയം. മോദി സർക്കാരിന്റെ അവസാന നാളുകളിൽ ചർച്ചയാകുന്ന ഇനിയും ഒരു മോദി ഭരണം ഉണ്ടാകുമോ എന്നതു തന്നെയാണ്. നോട്ടു നിരോധനവും, ജിഎസ്ടിയും, കള്ളപണം തടയലും, സർജിക്കൽ സ്ട്രൈക്ക് എല്ലാം ഭരണ നേട്ടമാക്കി NDA സർക്കാർ രംഗത്തുള്ളപ്പോൾ രാജ്യദ്രോഹ സർക്കാർ എന്ന മുദ്രകുത്തി കോൺഗ്രസും രംഗത്തുണ്ട്.
2014ൽ ബിജെപിയേയും മോദിയേയും വരവേറ്റത് ഏറെ പ്രതീക്ഷയോടെയായിരുന്നു. 10 വർഷത്തെ യുപിഎ ഭരണത്തിൽ നിന്ന് ജനം പുതിയൊരു പരീക്ഷണത്തിനു തന്നെ അവസരമൊരുക്കി നൽകി. 2 ജി കുംഭകോണം മുതല്‍ ആന്ധ്രപ്രദേശിന്റെ വിഭജനം വരെയുള്ള സകലതും അതിനു കാരണമായി.
എന്നാലിന്ന് എൻഡിഎ സർക്കാർ ഭരണം പൂർത്തീകരിക്കാൻ ഒരുങ്ങുന്പോൾ അഞ്ച് വർഷത്തെ പ്രവർത്തനങ്ങൾ തലങ്ങും വിലങ്ങും കീറിമുറിച്ച് വിമർശിക്കുകയാണ് രാഷ്ട്രീയ നീരിക്ഷകർ. അതിൽ പ്രധാനം നോട്ടു നിരോധന തന്നെ. രാജ്യത്തെ സന്പത്ത് വ്യവസ്ഥയെ തന്നെ തകിടം മറിച്ചു. ഇത് രാജ്യത്തെ മൊത്തം ആഭ്യന്തര വളർച്ച (ജിഡിപി) നിരക്കിനെ തന്നെ ബാധിച്ചു. കള്ളപ്പണത്തിനെതിരെ എന്ന തരത്തിലായിരുന്നു നിരോധനമെങ്കിലും തടയാനായത് കള്ളപ്പണമോ ജനജീവിതമോ എന്ന ആശയക്കുഴപ്പം ഇന്നും നിലനിൽക്കുന്നു. ജിഎസ്ടിയുടെ ആഘാതത്തില്‍ നിന്ന് കരകയറാനാവാതെ നിർമ്മാണമേഖലയും, മൊത്തവിതരണക്കാരും കയറ്റുമതിക്കാരും ചെറുകിട വ്യവസായികളും എല്ലാം വലഞ്ഞത് ചില്ലറയല്ല.
ഇന്ത്യൻ സേനയുടെ സർജിക്കൽ സ്ട്രൈക്ക് സർക്കാരിന്റെ പ്ലസ് പോയിന്റുകളിൽ ഒന്നായി മാറി. ഉറി ആക്രമണത്തിനു പ്രതികാരമായാണ് അതിർത്തി കടന്ന് ഭീകരക്യാംപുകൾ ആക്രമിച്ചതെങ്കിലും മോദി അത് സർക്കാരിന് ക്രെഡിറ്റായി.
2014ൽ മുന്നോട്ടുവെച്ച വാഗ്ദാനങ്ങൾക്കെന്തുപറ്റി എന്ന ചോദ്യം മുന്നിലുയരുന്പോൾ പ്രതിപക്ഷത്തിന്റെ ദൗർബല്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട ഗതികേടിലാണ് ബിജെപി. മോദിക്ക് ബദലില്ല എന്നതുതന്നെയാണ് അവരുടെ മുദ്രാവാക്യം. രാഹുൽഗാന്ധിയോ മായാവതിയോ മമതയോ ശരദ്പവാറോ ആരാണ് നിങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി എന്ന ബിജെപിയുടെ ചോദ്യവും പ്രസതക്തമാണ്. 1977ൽ കോൺഗ്രസ്സും ഇതേ ചോദ്യം ഉയർത്തിയിരുന്നു. 2004ൽ ബിജെപിയും ഇതേ ചോദ്യം ആവർത്തിച്ചു. രണ്ടു തവണയും ഇന്ത്യന്‍ ജനത ജനാധിപത്യത്തിന്റെ ശക്തിയെന്താണെന്ന് തെളിയിക്കുകയും ചെയ്തു.
മോദിക്ക് ബദലെവിടെ എന്ന ചോദ്യം ഉയർത്തുന്പോഴും അടിത്തട്ടിൽ ബിജെപി നേരിടുന്ന പ്രതിസന്ധികളാണ്. 2014ൽ യുപി, മഹാരാഷ്ട്ര, ബിഹാർ, ഗുജറാത്ത്, മദ്ധ്യപ്രദേശ്, രാജസ്ഥാന്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ സീറ്റ് നില പരിശോധിക്കുമ്പോൾ ആകെയുള്ള 543 സീറ്റുകളില്‍ 273 ഉം ഈ ഏഴ് സംസ്ഥാനങ്ങളില്‍ നിന്നാണ്. ബിജെപിക്ക് കഴിഞ്ഞ തവണ കിട്ടിയ 282 സീറ്റുകളില്‍ 196-ഉം ഈ സംസ്ഥാനങ്ങളില്‍ നിന്നാണ്. ബിജെപിയുടെ സഖ്യ കക്ഷികള്‍ 44 സീറ്റുകളും ഇവിടങ്ങളിൽ നേടി. ഇതിൽ യുപിയിൽ 80 സീറ്റുകളില്‍ 71ലും ബിജെപിക്കായിരുന്നു ജയം.
ഗുജറാത്തിൽ 25 സീറ്റിൽ 25ഉം രാജസ്ഥാനിൽ 26ൽ 26ഉം, മദ്ധ്യപ്രദേശില്‍ 29ൽ 26ഉം ബിഹാറിൽ 40ൽ 22ഉം ബിജെപി പിടിച്ചു. മഹാരാഷ്ട്രയില്‍ 48ൽ 23 ഇടങ്ങളില്‍ ബിജെപി ജയിച്ചപ്പോള്‍ ശിവസേന 18 സീറ്റുകള്‍ പിടിച്ചു. ആന്ധ്രയിലെ 25ൽ തെലുഗുദേശം 15 ഉം ബിജെപി രണ്ടും സ്വന്തമാക്കി. ഈ സംസ്ഥാനങ്ങളിലെല്ലാം തന്നെ ഇപ്പോള്‍ സംശയത്തിന്റെ നിഴലിലാണ്.
2019ലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ കോൺഗ്രസിന്റെ തിരിച്ചുവരവാണ് രാജ്യം ഒട്ടാകെ പ്രതീക്ഷിക്കുന്നത്. വെറും 44 സീറ്റ് മാത്രമുള്ള പാർട്ടി എങ്ങനെയാണ് തിരിച്ചുവരിക എന്നത് ഇപ്പോഴും അദ്ഭുതമാണ്. എന്നാല്‍ എപ്പോഴും തിരിച്ചുവന്നിട്ടുള്ള ചരിത്രമാണ് കോൺഗ്രസിനുള്ളത്. അതുകൊണ്ട് തന്നെ കോണ്‍ഗ്രസിനുള്ള സാധ്യതകള്‍ വര്‍ധിച്ചുവരികയാണ്.
രണ്ട് തവണ കോൺഗ്രസ് തകർന്നടിഞ്ഞ ശേഷം തിരിച്ച് വന്നിട്ടുണ്ട്. 1977, 1989, 1996 വര്‍ഷങ്ങളിലായിരുന്നു അത്. ഇതില്‍ 1996ലാണ് തകർന്നടിഞ്ഞിട്ടും കോൺഗ്രസിന്റെ വരവ് ദുഷ്കരമായത്. അത് സഖ്യങ്ങളെ ഒപ്പം കൂട്ടുന്നതില്‍ പരാജയപ്പെട്ടത് കൊണ്ടായിരുന്നു. 2004ൽ അടല്‍ ബിഹാരി വാജ്പേയുടെ നേതൃത്വത്തിലുള്ള സർക്കാർ മികച്ച ഭരണമാണ് കാഴ്ച്ചവെച്ചതെന്നായിരുന്നു രാഷ്ട്രീയ നിരീക്ഷകര്‍ പ്രവചിച്ചിരുന്നത്. കോണ്‍ഗ്രസിന് ഒരുസാധ്യതയും കല്‍പ്പിച്ചിരുന്നില്ല. വാജ്പേയ് വീണ്ടും അധികാരത്തിലെത്തുമെന്നും ഉറപ്പിച്ചു. 145 സീറ്റുകൾ നേടിയാണ് അന്ന് കോൺഗ്രസ് സര്‍ക്കാരുണ്ടാക്കിയത്. അതിന് മുൻന്പ് വെറും 114 സീറ്റിലൊതുങ്ങിയ കോണ്‍ഗ്രസിന്റെ തിരിച്ചുവരവായിരുന്നു ഇത്. കോൺഗ്രസിന്റെ വോട്ടുബാങ്ക് ഇപ്പോള്‍ 20 ശതമാനത്തില്‍ താഴെയാണ്. ആദ്യമായിട്ടാണ് ഇങ്ങനെ. ഇതിനാൽ സീറ്റുകല്‍ വര്‍ധിക്കാനുള്ള സാധ്യതയുണ്ട്.
2019 ലോക്സഭ തെരഞ്ഞെടുപ്പ് ഫലം വരാൻ ദിവസങ്ങൾ അവശേഷിക്കെ ഫലങ്ങൾ എന്തു തന്നെയായാലും അത് ദേശീയ രാഷ്ട്രീയത്തിൽ നിർണ്ണയകമായിരിക്കും.